കൊവിഡ്: പ്ലാസ്മാ ചികില്‍സ പരീക്ഷണ ഘട്ടത്തില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് രോഗം ഭേദമായ രോഗികളില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് മറ്റ് രോഗികളുടെ ചികില്‍സയ്ക്കുപയോഗിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പു നല്‍കി ലോകാരോഗ്യസംഘടന. സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥനാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ക്ക് മുന്നറിയിപ്പു നല്‍കിയത്. പ്ലാസ്മാ ചികില്‍സ പരീക്ഷണഘട്ടത്തിലാണെന്നും ഇതിനെതിരേ പറയാതിരുന്നാല്‍ വാക്‌സിന്‍ ഗവേണരംഗത്ത് തിരിച്ചടിയുണ്ടാകുമെന്നും ജനീവയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ അവര്‍ അഭിപ്രായപ്പെട്ടു.
ഏതെങ്കിലും അടിയന്തിര ഘട്ടത്തില്‍ മാത്രമാണ് പ്ലാസ്മാ ചികില്‍സ അനുവദിക്കപ്പെട്ടിട്ടുള്ളൂവെന്ന് യുഎന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇന്നലെ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്ലാസ്മാചികില്‍സയെ അംഗീകരിക്കുന്നുവെന്നല്ല ഇതിന്റെ അര്‍ത്ഥമെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
പ്ലാസ്മാ ചികില്‍സയുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂലമായ ഫലം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
പനി അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഒരു നൂറ്റാണ്ടോളമായി ഉപയോഗിക്കുന്ന ചികില്‍സയാണ് പ്ലാസ്മാ തെറാപ്പി. കൊവിഡ് വ്യാപകമായ സമയത്ത് ലോകമാസകലം ഡോക്ടര്‍മാര്‍ പ്ലാസ്മാചികില്‍സയിലേക്ക് തിരിയുകയായിരുന്നു.