പ്ലസ് വണ്‍ പ്രവേശനം; ആശങ്ക വേണ്ടെന്ന മന്ത്രിയുടെ പോസ്റ്റിനു താഴെ പരാതി പ്രവാഹം
സീറ്റ് വര്‍ധിപ്പിക്കല്‍ മാത്രമാണ് പരിഹാരം എന്നാണ് അധികം രക്ഷിതാക്കളും മന്ത്രിയോട് പറയുന്നത്.
കോഴിക്കോട്: പ്‌ലസ് വണ്‍ അലോട്‌മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെ രക്ഷിതാക്കളുടെ പരാതി പ്രവാഹം. ആശങ്ക വേണ്ടെന്ന് മന്ത്രി ശിവന്‍ കുട്ടി പറഞ്ഞെങ്കിലും കടുത്ത ആശങ്കയിലാണ് രക്ഷിതാക്കള്‍ എന്നാണ് പരാതികള്‍ വ്യക്തമാക്കുന്നത്.
അപേക്ഷിച്ച എല്ലാവര്‍ക്കും സീറ്റ് നല്‍കണമെങ്കില്‍ 1,31,996 സീറ്റ് വേണ്ടി വരും. അത്രയും സീറ്റുകളില്ല. എന്നാല്‍ പോളിടെക്‌നിക്കിലും വോക്കഷണല്‍ ഹയര്‍ സെക്കണ്ടറിയിലും ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു. സീറ്റ് വര്‍ധിപ്പിക്കല്‍ മാത്രമാണ് പരിഹാരം എന്നാണ് അധികം രക്ഷിതാക്കളും മന്ത്രിയോട് പറയുന്നത്.
കൂടുതല്‍ കുട്ടികള്‍ ചേരാന്‍ ആഗ്രഹിക്കുന്ന സയന്‍സ് കോഴ്‌സിന് കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് പ്രതികരിക്കുന്നവരും നിരവധിയാണ്. ഏകജാലക സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്നും ധാരാളം രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.