പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ്: പ്രവേശനം ഇന്ന് അവസാനിക്കും
പ്ലസ് വൺ സപ്ലിമെൻ്ററി അലോട്ട്മെൻറിനുള്ള അപേക്ഷാ സമർപ്പണം ഒക്ടോബർ 10 മുതൽ.
തിരുവനന്തപുരം: പ്ലസ് വണ്‍ രണ്ടാം അലോട്ട്മെന്‍റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശനം ഇന്ന് അവസാനിക്കും. മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്‍റായതിനാല്‍ അവസരം ലഭിച്ചവര്‍ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. ആദ്യ അലോട്ട്മെന്‍റില്‍ താല്‍ക്കാലിക പ്രവേശനം എടുത്തവരും രണ്ടാം അലോട്ട്മെന്‍റില്‍ മാറ്റമൊന്നുമില്ലെങ്കില്‍ ഇന്ന് വൈകീട്ട് അഞ്ചിനകം സ്ഥിരപ്രവേശനം നേടണം.
അലോട്ട്‌മെന്‍റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെയും പ്രവേശനം നേടിയ ശേഷം ടി.സി വാങ്ങിയവരെയും സപ്ലിമെന്‍ററി അലോട്ട്‌മെന്‍റില്‍ പരിഗണിക്കില്ല. രണ്ടാം പ്രവേശന നടപടി പൂര്‍ത്തിയായ ശേഷമുള്ള സീറ്റൊഴിവ് വെബ്സൈറ്റില്‍ ഒക്ടോബര്‍ 10ന് രാവിലെ 9ന് പ്രസിദ്ധീകരിക്കും.
ഈ സീറ്റുകളിലേക്ക് അന്നു രാവിലെ ഒമ്പതു മുതല്‍ 14ന് വൈകീട്ട് അഞ്ചുവരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാം.
കാന്‍ഡിഡേറ്റ് ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ ഒഴിവുകള്‍ക്കനുസൃതമായി പുതിയ ഓപ്ഷന് നല്‍കി അപേക്ഷ അന്തിമമായി സമര്‍പ്പിക്കണം. ഇതുവരെ അപേക്ഷിക്കാന്‍ APPLY ONLINE-SWS എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പ്രവേശന തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 'Create Candidate Login-SWS എന്ന ലിങ്കിലൂടെ കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കണം. തെറ്റായ വിവരങ്ങള്‍ കാരണം അലോട്ട്മെന്‍റ് റദ്ദാക്കപ്പെട്ടവര്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് പരിഗണിക്കാനായി കാന്‍ഡിഡേറ്റ് ലോഗിനിലെ 'RENEW APPLICATION' എന്ന ലിങ്കിലൂടെ പിഴവുകള്‍ തിരുത്തി ഒാപ്ഷനുകള്‍ നല്‍കി അപേക്ഷിക്കണം.
ഒഴിവുള്ള സ്കൂളുകള്‍/ വിഷയ കോംബിനേഷനുകള്‍ മാത്രമേ സപ്ലിമെന്‍ററി അലോട്ട്മെന്‍റില്‍ ഓപ്ഷനായി നല്‍കാനാവൂ. സ്പോര്‍ട്സ് ക്വാട്ട സപ്ലിമെന്‍ററി അലോട്ട്മെന്‍റിന് അപേക്ഷിക്കാനുള്ള സമയം ചൊവ്വാഴ്ച വൈകീട്ട് നാലിന് അവസാനിക്കും. വിവരങ്ങള്‍ക്ക്: www.hscap.kerala.gov.in.
എന്നാൽ നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെൻറ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും (നോൺ - ജോയിനിങ്ങ് ആയവർ) ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയ ശേഷം വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി ) വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല.