പ്ലസ് വണ്‍ അധികബാച്ച് അനുവദിക്കാനാവില്ലെന്ന് മന്ത്രി; പ്രതിപക്ഷം സഭ വിട്ടു

Update: 2021-10-04 05:40 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളെല്ലാം പ്ലസ് വണ്‍ ക്ഷാമം ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം. പ്രതിപക്ഷത്തില്‍ നിന്ന് ഷാഫി പറമ്പിലാണ് അവതരണാനുമതി തേടിയത്. പുതിയ ബാച്ചുകള്‍ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സെപ്റ്റംബര്‍ 22 ആദ്യഘട്ട അലോട്ട്‌മെന്റ് അവസാനിച്ചതോടെ 2,70000 സീറ്റുകളിലാണ് അഡ്മിഷന്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍, 2,18000 പേര്‍ക്കുമാത്രമാണ് സീറ്റ് ലഭിച്ചത്. ബാക്കിയുള്ള കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട വിഷയം പഠിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. വിഷയം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പണം കൊടുത്ത് പഠിക്കാന്‍ ശേഷിയില്ലത്തവര്‍ കൂടുതലൊന്നും ഈ സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സീറ്റുകള്‍ റീ അറേഞ്ച് ചെയ്യണം എന്ന ആവശ്യം കാലങ്ങളായി ഉന്നയിക്കുന്നതാണ്. ഇനിയെങ്കിലും ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റ് നല്‍കണം. പ്രവേശനത്തിന്റെ തോതല്ല പരിഗണിക്കേണ്ടത്. ആകെയുള്ള അപേക്ഷകരുടെ എണ്ണമാണ് എടുക്കേണ്ടത്. മൊത്തം കണക്കുകള്‍ എടുത്താല്‍ നീതികേടിന്റെ ആഴം എത്രത്തോളമുണ്ടെന്ന് മനസിലാക്കാനാവും. പാലക്കാട് മാത്രം ആയിരത്തോളം സീറ്റിന്റെ കുറവാണുള്ളത്. വിജയശതമാനം കൂടുതലുള്ള മലപ്പുറം പോലെയുള്ള ജില്ലകളില്‍ മികച്ച വിജയം നേടിയിട്ടും വിദ്യാര്‍ഥികള്‍ക്ക് ഇഷ്ട വിഷയം കിട്ടുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

എന്നാല്‍ പ്ലസ് വണ്ണിന് അധിക ബാച്ച് അനുവദിക്കാനാകില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സാമ്പത്തിക സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നും രണ്ടാം അലോട്ട്‌മെന്റ് കഴിഞ്ഞശേഷം സര്‍ക്കാര്‍ സ്ഥിതി വിലയിരുത്തുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

ആവശ്യം നിരാകരിച്ചതോടെ, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

Tags:    

Similar News