പ്രധാനമന്ത്രി രണ്ട് വിമാനം വാങ്ങിയത് 16,000 കോടി രൂപക്ക്; എയര്‍ ഇന്ത്യ ടാറ്റക്ക് വിറ്റത് 18,000 കോടിക്ക്; കേന്ദ്രത്തിനെതിരേ പ്രിയങ്കാഗാന്ധി

Update: 2021-10-10 15:19 GMT

വരാണസി: എയര്‍ ഇന്ത്യയുടെ വില്‍പ്പനയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് വമ്പിച്ച നഷ്ടം വരുത്തിവച്ചെന്നാരോപിച്ച് പ്രിയങ്കാ ഗാന്ധി. പ്രധാനമന്ത്രി ഈ അടുത്ത കാലത്ത് 16,000 കോടി രൂപക്കാണ് രണ്ട് വിമാനങ്ങള്‍ വാങ്ങിയതെന്ന് എന്നാല്‍ എയര്‍ ഇന്ത്യ ടാറ്റക്ക് വിറ്റത് വെറും 18,000 കോടി രൂപക്കാണെന്നും പ്രിയങ്ക ആരോപിച്ചു.

വരാണസില്‍ യുപി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്കാഗാന്ധി വാദ്ര.

കര്‍ഷകരോടും പാവപ്പെട്ടവരോടും അനുതാപം പ്രകടിപ്പിക്കാത്ത കേന്ദ്രത്തെയും ബിജെപി സംസ്ഥാന സര്‍ക്കാരുകള്‍ക്കുമെതിരേ പ്രിയങ്ക കടുത്ത വിമര്‍ശനമാണ് അഴിച്ചുവിട്ടത്.

ജനങ്ങള്‍ക്് തൊഴിലും വരുമാനവും നിലക്കുമ്പോഴും പ്രധാനമന്ത്രിയുടെ സമ്പന്ന സുഹൃത്തുക്കള്‍ കോടികള്‍ സമ്പാദിക്കുകയാണ്. വിലക്കയറ്റത്തിന്റെയും ഇന്ധന വിലവര്‍ധനവിന്റെയും ഉത്തരാവദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

കൊവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ മരുന്നും ഓക്‌സിജനുമില്ലാതെ മരിച്ചു. സര്‍ക്കാര്‍ സഹായിച്ചില്ല. ഒരുപാട് പേര്‍ മരിച്ചു. അതിനു ശേഷം ഹാഥ്രസ് ഉണ്ടായി. സര്‍ക്കാര്‍ കുറ്റവാളികളെ സംരക്ഷിച്ചു. അവിടെയും ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിച്ചില്ല. ലഖിംപൂരിലും അതാണ് സംഭവിക്കുന്നത്. മന്ത്രിയുടെ മകനാണ് കര്‍ഷകരെ ഇടിച്ചിട്ടത്. സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്നു പ്രിയങ്ക പറഞ്ഞു. ലഖിംപൂരില്‍ അക്രമത്തിന് നേതൃത്വം നല്‍കിയ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവച്ച് പുറത്തുപോവും വരെ കോണ്‍ഗ്രസ് സമരരംഗത്തുണ്ടാവുമെന്ന് പ്രിയങ്ക ജനങ്ങള്‍ക്ക് ഉറപ്പ് കൊടുത്തു. സംഭവത്തില്‍ പക്ഷപാതരഹിതമായ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. 


Tags:    

Similar News