ബുദ്ധപൂര്‍ണിമ: പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവ് അര്‍പ്പിക്കും.
ന്യൂഡല്‍ഹി: ഇന്നു നടക്കുന്ന ബുദ്ധ പൂര്‍ണിമ ആഘോഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും രാവിലെ നടക്കുന്ന വെര്‍ച്വല്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്ത് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആദരവ് അര്‍പ്പിക്കും. ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ നിലവിലെ രാജ്യത്തെ സാഹചര്യത്തെ കുറിച്ച് പരാമര്‍ശം നടത്തിയേക്കുമെന്നും സൂചനയുണ്ട്.
ഇന്റര്‍നാഷണല്‍ ബുദ്ധ കോണ്‍ഫെഡറേഷനുമായി (ഐ.ബി.സി) സഹകരിച്ച് ആഗോള സാംസ്‌കാരിക മന്ത്രാലയം ലോകമെമ്പാടുമുള്ള ബുദ്ധസംഘങ്ങളിലെ പരമോന്നത നേതാക്കളുടെ പങ്കാളിത്തത്തോടെയാണ് വെര്‍ച്വല്‍ പ്രാര്‍ത്ഥന പരിപാടി സംഘടിപ്പിക്കുന്നത്. ബുദ്ധമത സ്ഥാപകനായ ഗൗതം ബുദ്ധന്റെ ജന്മവാര്‍ഷികത്തെയാണ് ബുദ്ധ ജയന്തി എന്നും ബുദ്ധ പൂര്‍ണിമ എന്നും വിളിക്കുന്നത്.