പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയിലേക്ക്; വീഡിയോ ഹാജരാക്കണം

Update: 2024-04-23 07:16 GMT


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പ്രസംഗത്തിനെതിരായ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ബന്‍സ്വാര ഇലക്ട്രല്‍ ഓഫീസറോട് ആവശ്യപ്പെട്ടു. പ്രസംഗത്തിന്റെ ഉള്ളടക്കം എഴുതി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സിപിഎം അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ പരാമര്‍ശത്തിനെതിരെ പരാതി നല്‍കുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികളാരംഭിച്ചത്.

വിദ്വേഷ പ്രസംഗത്തിനെതിരെ പ്രചാരണത്തിനും കോണ്‍ഗ്രസ് തുടക്കമിട്ടു. പ്രധാനമന്ത്രി ആക്ഷേപമുന്നയിച്ച പ്രകടനപത്രിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ കൂട്ടത്തോടെ പ്രധാനമന്ത്രിക്കയച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ ഒപ്പ് ശേഖരണവും തുടങ്ങി. ഒരു ലക്ഷം പേരുടെ ഒപ്പ് ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ സമയം തേടിയിട്ടുണ്ട്. എന്നാല്‍ കത്തിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ മുസ് ലിംങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് പ്രസംഗമാണ് വലിയ വിവാദത്തിലായത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുണ്ടാകാവുന്ന ആപത്ത് ഓര്‍മ്മപ്പെടുത്തുവെന്നവകാശപ്പെട്ടായിരുന്നു മോദിയുടെ വാക്കുകള്‍. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന നല്‍കുക മുസ് ലിങ്ങള്‍ക്കായിരിക്കും, കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും,സഹോദരിമാരുടേയും സ്വര്‍ണ്ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്‌ലിംങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയിലുണ്ടെന്നും മോദി പറഞ്ഞു.

ജാതി സെന്‍സസിനൊപ്പം സാമ്പത്തിക സാമൂഹിക സെന്‍സസും നടത്തുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി വളച്ചൊടിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മുസ്‌ലിം ഭൂരിപക്ഷ മേഖലകളില്‍ അടുത്ത ഘട്ടം തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ മോദി നടത്തിയ പരാമര്‍ശം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.







Tags:    

Similar News