യുപിയില്‍ ബലാല്‍സംഗത്തിനിരയായ പതിമൂന്നുകാരിയെ വീണ്ടും ബലാല്‍സംഗം ചെയ്ത പോലിസുകാരന്‍ അറസ്റ്റില്‍
ലഖ്‌നോ: യുപി ലളിത്പൂരില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പതിമൂന്നുകാരിയെ വീണ്ടും ബലാല്‍സംഗം ചെയ്ത പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജിനെ അറസ്റ്റ് ചെയ്തു. ബലാല്‍സംഗം ചെയ്യപ്പെട്ടതിനെതിരേ പരാതി പറയാന്‍ പോലിസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് പെണ്‍കുട്ടിക്കെതിരേ പോലിസുകാരന്‍ ലൈംഗികാക്രമണം നടത്തിയത്. തന്റെ ബന്ധുവിനോടൊപ്പം സ്റ്റേഷനിലെത്തിയ സമയത്താണ് ഈ അതിക്രമം നടന്നത്.
സ്റ്റേഷന്‍ ഹൗസ് ഓഫിസറായ തിലകധാരി സരോജാണ് അറസ്റ്റിലായത്. ഇയാളെ സ്‌റ്റേഷന്‍ ഡ്യൂട്ടിയില്‍നിന്ന് നേരത്തെ മാറ്റിയിരുന്നു. ഡിഐജി പദവിയിലുള്ള ഉദ്യോഗസ്ഥന്‍ കേസന്വേഷിക്കും. 24 മണിക്കൂറിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
എഫ്‌ഐആര്‍ അനുസരിച്ച് സംഭവം ഇങ്ങനെ: കഴിഞ്ഞ ഏപ്രില്‍ 22 ചൊവ്വാഴ്ച നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പാട്ടിലാക്കി ഭോപാലിലേക്ക് കൊണ്ടുപോയി. അവര്‍ പെണ്‍കുട്ടിയെ നാല് ദിവസം ബലാല്‍സംഗം ചെയ്തു. അതിനുശേഷം അവരെ തിരികെ പോലിസ് സ്‌റ്റേഷനു മുന്നില്‍ ഇറക്കിവിട്ടു. ആരോപണവിധേയനായ പോലിസുകാരന്‍ പെണ്‍കുട്ടിയെ അവരുടെ അമ്മായിയെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം വിട്ടു. അടുത്ത ദിവസം പോലിസ് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു. അടുത്ത ദിവസം ഇയാള്‍ പെണ്‍കുട്ടിയെ ഒരു മുറിയിലേക്ക് കൊണ്ടുപോയി അമ്മായിയുടെ സാന്നിധ്യത്തില്‍ ബലാല്‍സംഗം ചെയ്തു.
പെണ്‍കുട്ടിയുടെ ബന്ധുവിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. പോസ്‌കൊയാണ് ചുമത്തിയിരിക്കുന്നത്.
സ്‌റ്റേഷന്‍ മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണത്തിന് ഒരു ടീമിനെ നിയോഗിച്ചു. ഒരു എന്‍ജിഓ ആണ് പെണ്‍കുട്ടിയെ എന്റെ മുന്നിലെത്തിച്ചതദ്. അവര്‍ വിവരങ്ങളും കൈമാറി. അതിനുശേഷം കേസ് ചാര്‍ജ് ചെയ്തു- ലളിത്പൂര്‍ പോലിസ് മേധാവി നിഖില്‍ പട്‌നായിക് പറഞ്ഞു.
സംഭവത്തെ പ്രിയങ്കാ ഗാന്ധി അപലപിച്ചു. യുപിയിലെ ക്രമസമാധാനത്തിന്റെ ദയനീയാവസ്ഥയാണ് ഇതെന്നും അവര്‍ കുറ്റപ്പെടുത്തി.