കര്‍ഷകര്‍ക്കെതിരായ പോലിസ് അതിക്രമം; എസ്ഡിപിഐ മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു

അന്നം തരുന്ന കര്‍ഷകരോട് പോലും കരുണയില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്.

Update: 2021-08-30 16:07 GMT

മലപ്പുറം : പഞ്ചാബിലും ഹരിയാനയിലും കര്‍ഷകര്‍ക്കെതിരായി പോലിസ് നടത്തിയ അതിക്രമത്തിനെതിരേ എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി കുന്നുമ്മലില്‍ കെ എസ് ആര്‍ ടി സി പരിസരത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ. സി എച്ച് അഷറഫ് ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


രാജ്യത്തിന്റെ നട്ടെല്ലായ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതിയ ബിജെപി സര്‍ക്കാരിനെതിരേ രാജ്യത്തു നടക്കുന്ന കര്‍ഷക പ്രക്ഷോഭം ഒന്‍പത് മാസം പിന്നിട്ടിരിക്കുകയാണ്. ഇതിനിടെ അഞ്ഞൂറിലധികം കര്‍ഷകരാണ് സമരഭൂമിയില്‍ മരിച്ചുവീണത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ കര്‍ണാലില്‍ പോലീസ് അതിക്രമത്തിന് ഇരയായ കര്‍ഷകന്‍ മരിച്ചിരുന്നു. അന്നം തരുന്ന കര്‍ഷകരോട് പോലും കരുണയില്ലാത്ത സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. ബിജെപി സര്‍ക്കാരിന് വിധേയത്വം കോര്‍പറേറ്റുകളോട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.


ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. സാദിഖ് നടുത്തൊടി, ജില്ലാ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ , ജില്ലാ ട്രഷറര്‍ കെ സി സലാം, മുനിസിപ്പല്‍ പ്രസിഡണ്ട് അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.




Tags:    

Similar News