മൂവാറ്റുപുഴയില്‍ അതിഥി തൊഴിലാളി അശോക് ദാസ് മരിച്ചത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ച് പോലിസ്
എറണാകുളം: മൂവാറ്റുപുഴ വാളകത്ത് അതിഥി തൊഴിലാളി അരുണാചല്‍ പ്രദേശ് സ്വദേശിയായ അശോക് ദാസ് മരിച്ചത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ച് പോലിസ്. പോലിസ് കസ്റ്റഡിയിലെടുത്ത 10 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യന്‍, സൂരജ്, കേശവ്, ഏലിയാസ് കെ പോള്‍, അമല്‍, അതുല്‍കൃഷ്ണ, എമില്‍, സനല്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
തലക്കും നെഞ്ചിനുമേറ്റ മര്‍ദ്ദനമാണ് മരണകാരണമെന്നും പോലിസ് വ്യക്തമാക്കി. പെണ്‍സുഹൃത്തിന്റെ അടുത്തെത്തിയത് ചോദ്യം ചെയ്ത് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലിസ് വ്യക്തമാക്കി.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പോലിസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രാവിലെ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇയാള്‍ക്കൊപ്പം ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ വീട്ടില്‍ രാത്രി സന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു അക്രമം. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം അശോക് ദാസിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കള്‍ മൂവാറ്റുപുഴയിലേക്ക് എത്തിയതിനു ശേഷമായിരിക്കും തുടര്‍ നടപടികളുണ്ടാകുക.