അസമില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് നേരെ പോലിസ് വെടിവയ്പ്: വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Update: 2021-09-24 14:25 GMT

തിരുവനന്തപുരം: അസമിലെ ധറാങ്ങില്‍ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലിസ് നടത്തുന്ന ക്രൂരമായ വെടിവെപ്പ് ഭരണകൂടത്തിന്റെ വംശീയ വേട്ടയുടെ തുടര്‍ച്ചയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷെഫീഖ് പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി രാജ്ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാറിന്റെ ഒത്താശയോടെ ജനങ്ങള്‍ക്കുനേരെ അഴിഞ്ഞാടുന്ന പോലിസാണ് ധറാങ്ങില്‍ ആസൂത്രിത സായുധാക്രമണം ജനങ്ങള്‍ക്ക് നേരെ അഴിച്ചു വിട്ടത്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ കുടിയൊഴിപ്പിക്കപ്പെട്ട ഇരുനൂറോളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച നിരവധി പേര്‍ക്ക് സാരമായ പരിക്ക് ഏല്‍ക്കുകയും രണ്ടു പേര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും ചെയ്തത് ഈ പോലിസ് അക്രമത്തിലാണ്.

കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തിന് മുകളില്‍ ചാടി നൃത്തം ചെയ്യുന്ന സംഘ്പരിവാര്‍ ഭീകരതയുടെ ക്രൂര മുഖമാണ് പുറത്തു വന്ന വീഡിയോകളിലൂടെ വെളിപ്പെടുന്നത്. പ്രതിഷേധിച്ചവരില്‍ വെടിയേറ്റ് നിലത്തുവീണ വ്യക്തിയെ ഇരുപതോളം പോലിസ് വളഞ്ഞിട്ട് തല്ലി കൊല്ലപ്പെടുത്തുകയാണുണ്ടായത്. പോലിസ് ഒത്താശയോടെ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സര്‍ക്കാര്‍ നിയമിച്ച ക്യാമറാമാനായ ബിജയ് ശങ്കര്‍ മൃതദേഹത്തെ ചവിട്ടിമെതിച്ചത്. 

ആവശ്യമായ പുനരധിവാസ സംവിധാനം ഒരുക്കാതെ ജനങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണകൂട നടപടി അംഗീകരിക്കാനാവില്ല. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് എണ്ണൂറോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കാന്‍ ഭരണകൂടം നടത്തിയ ആസൂത്രിത ശ്രമത്തിന്റെ തുടര്‍ച്ചയായി സിപാജറിലെ മുസ്‌ലിം പള്ളികളും പോലിസ് തകര്‍ത്തു. മുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരിക നിലനില്‍പിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ് അസം സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ആസാമിലെ പോലിസിന്റെ ക്രൂരതയ്‌ക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അസം ഭവനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ ദേശീയ പ്രസിഡണ്ട് ഷംസീര്‍ ഇബ്രാഹിം സെക്രട്ടറിമാരായ ആയിഷ റെന്ന, അഫ്രീന്‍ ഫാത്തിമ, ഷര്‍ജീല്‍ ഉസ്മാനി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണ്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ ശ്രമത്തെ ശക്തമായ പോരാട്ടം കൊണ്ട് മറികടക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം വംശീയ ഉന്മൂലനം ലക്ഷ്യമിട്ട് സംഘ്പരിവാര്‍ നടത്തുന്ന പോലിസ് രാജിനെതിരെ ശക്തമായ ജനാധിപത്യ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധ പരിപാടിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് എന്‍.എം അന്‍സാരി, അഡ്വ. അനില്‍കുമാര്‍, മധു കല്ലറ, മുംതാസ് ബീഗം, അയൂബ് ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മ്യൂസിയം ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് രാജ്ഭവനു മുന്നില്‍ പോലിസ് തടഞ്ഞു.

Tags:    

Similar News