കണ്ണൂർ: ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടർന്ന് സിപിഎം നേതാവ് ഇ പി ജയരാജൻ നൽകിയ പരാതിയിൽ പോലിസ് ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി. ജയരാജൻ്റെ വീട്ടിലെത്തിയായിരുന്നു മൊഴിയെടുത്തത്.
കോട്ടയം എസ്പി ഷാഹുൽ ഹമീദാണ് കേസന്വേഷിക്കുന്നത്. വിശദമായ അന്വേഷണത്തിൻ്റെ ഭാഗമായാണ് മൊഴിയെടുപ്പ്.
ജയരാജൻ്റെ ആത്മകഥ ഡിസി ബുക്സ് പ്രസിദ്ധീകരിക്കുമെന്നറിയിച്ചുള്ള സമൂഹ മാധ്യമങ്ങളിലെ കുറിപ്പാണ് വിവാദമായത്. തിരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസം ആത്മകഥയുടെ ഭാഗമെന്ന രീതിയിൽ പ്രചരിച്ച കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ആരുമായും കരാറുണ്ടാക്കിയിട്ടില്ലെന്നും ഇ പി ജയരാജൻ വെളിപ്പെടുത്തിയിരുന്നു. പിന്നീടദ്ദേഹം നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു.
അന്വേഷണത്തിൻ്റെ ഭാഗമായി പോലിസ് ഡിസി ബുക്സിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസി ബുക്സ് ഉടമ രവിയുടെ മൊഴി രേഖപ്പെടുത്താനും പോലിസ് ഉദ്ദേശിക്കുന്നുണ്ട്.