കണ്ണൂര്‍: അപകീര്‍ത്തിപ്പെടുത്തിയതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കേസ് ഫയല്‍ ചെയ്തു. ബിജെപിയില്‍ ചേരാന്‍ മൂന്ന് തവണ ചര്‍ച്ച നടത്തിയെന്നും ഡല്‍ഹിയിലെ ഹോട്ടലില്‍വച്ച് കൂടിക്കാഴ്ച നടത്തിയയെന്നുമുള്‍പ്പെടെയുള്ള ശോഭയുടെ വ്യാജ ആരോപണങ്ങള്‍ അപകീര്‍ത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഏപ്രില്‍ 26ന് മാധ്യമങ്ങളില്‍ നല്‍കിയ പ്രസ്താവനയിലൂടെയും 28ന് രണ്ട് പത്രങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെയും മനപ്പൂര്‍വം അപകീര്‍ത്തിയുണ്ടാക്കിയെന്നും കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്)യില്‍ സമര്‍പ്പിച്ച ക്രിമിനല്‍ ഹരജിയില്‍ പറയുന്നു. ഹരജി ശനിയാഴ്ചത്തേക്ക് മാറ്റി. അപകീര്‍ത്തിയുണ്ടാക്കിയ പ്രസ്താവന നിരുപാധികം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ശോഭാ സുരേന്ദ്രന് വക്കീല്‍ നോട്ടീസും അയച്ചിരുന്നു. ഇ പി ജയരാജന് വേണ്ടി അഡ്വ. എം രാജഗോപാലന്‍ നായര്‍, അഡ്വ. പി യു ശൈലജന്‍ എന്നിവര്‍ ഹാജരായി.