ശോഭാ സുരേന്ദ്രനോട് അവഗണന; പാലക്കാട്ട് ബിജെപിയില്‍ രാജി

Update: 2020-10-30 12:29 GMT

പാലക്കാട്: ദേശീയ-സംസ്ഥാന നേതൃത്വം ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്നും സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ പരിഗണന ലഭിക്കുന്നില്ലെന്നും ആരോപിച്ച് പാലക്കാട്ട് ബിജെപിയില്‍ നിന്ന് നേതാക്കള്‍ രാജിവച്ചു. ആലത്തൂര്‍ നിയോജക വൈസ് പ്രസിഡന്റും മുന്‍ ജില്ലാ കമ്മറ്റി അംഗവുമായ എല്‍ പ്രകാശിനി, ഒബിസി മോര്‍ച്ച നിയോജക മണ്ഡലം ഖജാഞ്ചി കെ നാരായണന്‍, മുഖ്യശിക്ഷക് ആയിരുന്ന എന്‍ വിഷ്ണു എന്നിവരാണ് ബിജെപിയില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടി നേതൃത്വത്തിനെതിരേ കഴിഞ്ഞ ദിവസം വാളയാറില്‍ വച്ച് ശോഭാ സുരേന്ദ്രന്‍ പരസ്യപ്രതികരണം നടത്തിയതിനു പിന്നാലെയാണ് അനുകൂലികളുടെ രാജിയെന്നതും ശ്രദ്ധേയമാണ്. ശോഭാ സുരേന്ദ്രന് ലഭിക്കാത്ത പരിഗണന ഒരു സ്ത്രീക്കും പാര്‍ട്ടിയില്‍ ലഭിക്കില്ലെന്ന് വനിതാ നേതാവ് എല്‍ പ്രകാശിനി പറഞ്ഞു.

    മാത്രമല്ല, പ്രദേശിക തലത്തില്‍ വരെ ബിജെപി നേതാക്കള്‍ വന്‍ അഴിമതി നടത്തുന്നുണ്ടെന്നും പാര്‍ട്ടിവിട്ടവര്‍ ആരോപിക്കുന്നുണ്ട്. വന്‍കിടകാരില്‍ നിന്നു പണം വാങ്ങി ജനകീയ സമരത്തില്‍ വരെ ബിജെപി പ്രദേശിക നേതാക്കള്‍ ഒത്തുതീര്‍പ്പ് നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്ന നിരവധി പേര്‍ വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചേക്കുമെന്നാണ് സൂചന.

    ബിജെപിയുടെ സംസ്ഥാന-ദേശീയ നേതൃ പുനസംഘടനയില്‍ ശോഭാ സുരേന്ദ്രനു പദവി ലഭിച്ചിരുന്നില്ല. ആദ്യം സംസ്ഥാന നേതൃത്വം അവഗണിച്ചപ്പോള്‍ ദേശീയ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു ശോഭാ സുരേന്ദ്രനും അനുകൂലികളും കരുതിയിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് വിട്ടെത്തിയ എ പി അബ്ദുല്ലക്കുട്ടിക്കു ദേശീയ വൈസ് പ്രസിഡന്റ് പദവി നല്‍കിയപ്പോഴും കുമ്മനം രാജശേഖരനെയും ശോഭാ സുരേന്ദ്രനെയും തഴയുകയായിരുന്നു. ഇതിനു ശേഷം പാര്‍ട്ടി പരിപാടികളില്‍ നിന്നും പ്രക്ഷോഭങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വാളയാര്‍ സഹോദരിമാരുടെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. എന്നാല്‍, പാര്‍ട്ടിയെ പ്രതിനിധീകരിച്ചല്ല വന്നതെന്നും പൊതുപ്രവര്‍ത്തക എന്ന നിലയിലാണ് പങ്കെടുത്തതെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ വാദം.




Tags:    

Similar News