റിയാസ് മൗലവി വധക്കേസ് വിധി: വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് പോലിസ്
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിന്റെ പശ്ചാത്തലത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്കും പങ്കുവയ്ക്കുന്നവര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരളാ പോലിസ്. ഇത്തരം സന്ദേശങ്ങള്‍ കണ്ടെത്തുന്നതിനായി സാമൂഹികമാധ്യമങ്ങളില്‍ 24 മണിക്കൂറും സൈബര്‍ പട്രോളിങ് നടത്തുമെന്നും കേരളാ പോലിസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പള്ളിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പ്രതികളെയും കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് മുന്നറിയിപ്പുമായി പോലിസ് രംഗത്തെത്തിയത്.