തബ്‌ലീഗ്: 41 വിദേശികള്‍ക്കെതിരേ ഡല്‍ഹി പോലിസ് 12 കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കും
ന്യൂഡല്‍ഹി: ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത 41 വിദേശ പൗരന്മാര്‍ക്കെതിരേ ഡല്‍ഹി ക്രൈം ബ്രാഞ്ച് സാകേത് കോടതിയില്‍ 12 കുറ്റപത്രങ്ങള്‍ സമര്‍പ്പിക്കും. തബ്‌ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ഇന്ത്യയില്‍ കൊറോണ വ്യാപനത്തിന് കാരണമായെന്ന് ആരോപിച്ചാണ് പോലിസ് കേസെടുത്തത്.
തബ്‌ലീഗ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്ത വിദേശികള്‍ വിസാനിയമം ലംഘിച്ചുവെന്നും പകര്‍ച്ചവ്യാധി നിയമത്തിലെ വിവിധ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ആരോഗ്യ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നും പോലിസ് പറയുന്നു.
നിലവില്‍ 915 വിദേശപൗരന്മാര്‍ക്കെതിരേ 47 ചാര്‍ജ് ഷീറ്റുകള്‍ ഡല്‍ഹിയിലെ വിവിധ കോടതികളില്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. ജൂണ്‍ 25, ജൂലൈ 9, ജൂലൈ 16 തിയ്യതികളില്‍ ഇതിന്റെ വാദം കേള്‍ക്കാനിരിക്കുകയാണ്. കൊവിഡ് 19 പകര്‍ച്ചവ്യാധിയുടെ സാഹചര്യത്തില്‍ 35 രാജ്യങ്ങളില്‍ നിന്നുള്ള വിദേശപൗരന്മാര്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി ഹൈക്കോടതിയുടെ അനുമതിയോടെ താമസിച്ചുവരുന്നതായി പോലിസ് കോടതിയെ അറിയിച്ചു.
ഇതുവരെ തബ്‌ലീഗുമായി ബന്ധപ്പെട്ട് വിദേശപൗരന്മാരെ അരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് തബ്‌ലീഗ് മേധാവിക്കെതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
ഇതിനും പുറമെ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെതിരേ ഡല്‍ഹി സംഘര്‍ഷവുമായി ബന്ധപ്പെട്ട് രണ്ട് ചാര്‍ജ് ഷീറ്റുകളും ഫയല്‍ ചെയ്തിട്ടുണ്ട്.
വിവിധ ഘട്ടങ്ങളിലായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്നാണ് തബ് ലീഗ് ആസ്ഥാനത്ത് ആയിരത്തോളം പേര്‍ കുടുങ്ങിപ്പോയത്. തബ് ലീഗ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനയ്ക്കു ശേഷവും ഇവരെ തിരിച്ചുകൊണ്ടുപോകാനുള്ള അനുമതി ഡല്‍ഹി പോലിസ് നിഷേധിച്ചു.