പോലിസ് ജാഗ്രത കാട്ടണം; പോത്തന്‍കോട് അച്ഛനും മകള്‍ക്കുമെതിരായ ഗുണ്ടാ ആക്രമണം നിര്‍ഭാഗ്യകരമെന്നും മന്ത്രി ജി ആര്‍ അനില്‍

പോലിസ് ജാഗ്രതയോടെ് മുന്നോട്ടു നീങ്ങണം. മറിച്ചാണെങ്കില്‍ അപ്പോള്‍ നോക്കാം

Update: 2021-12-24 09:00 GMT

തിരുവനന്തപുരം: പോത്തന്‍കോട് അച്ഛനും മകള്‍ക്കുമെതിരായ ഗുണ്ടാ ആക്രമണം നിര്‍ഭാഗ്യകരമെന്ന് മന്ത്രി ജി ആര്‍ അനില്‍. പോലിസ് ജാഗ്രതയോടുകൂടി മുന്നോട്ടുപോകണം. ഗുണ്ടാ ആക്രമണങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതീവ ശ്രദ്ധവേണം. വിഷയം ലഘുവായി കാണുന്നില്ല, ഗൗരവത്തോടെ തന്നെ കാണുന്നു. പോലിസിന് മേല്‍നോട്ടത്തിന്റെ കുറവില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച് പോലിസിന് വീഴ്ച ഉണ്ടായിട്ടില്ലെന്നും ജിആര്‍ അനില്‍ വ്യക്തമാക്കി. പോലിസ് ജാഗ്രതയോടെ മുന്നോട്ടു നീങ്ങണം. മറിച്ചാണെങ്കില്‍ അപ്പോള്‍ നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

പോത്തന്‍കോട് അച്ഛനെയും മകളെയും ആക്രമിച്ച പ്രതികളെ ഇതുവരെയും പിടികൂടാന്‍ സാധിക്കാത്തതില്‍ പോലിസിനെതിരെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പ്രതികള്‍ ഒളിവിലാണെന്നാണ് പോലിസിന്റെ വിശദീകരണം. സംഭവത്തിന് പിന്നാലെ ഫോണ്‍ ഓഫാക്കിയാണ് പ്രതികള്‍ ഒളിവില്‍ പോയത്. അന്വേഷണം തുടരുകയാണെന്നും പോലിസ് പറഞ്ഞു.പോത്തന്‍കോട് നടുറോഡില്‍ ബുധനാഴ്ച്ച രാത്രി എട്ടരയോടെയാണ് ആളുകള്‍ നോക്കിനില്‍ക്കെ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണത്തിനിരയായത്. കാറിന്റെ ഡോര്‍ തുറന്നാണ് ഇരുവരേയും ആക്രമിച്ചത്. കുട്ടിയുടെ മുടിയ്ക്ക് കുത്തിപ്പിടിച്ച ശേഷം മുഖത്തടിക്കുകയുമായിരുന്നു. വ്യാഴാഴ്ച്ച രാവിലെ തന്നെ ഇവര്‍ സ്‌റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. പ്രതികള്‍ പിതാവിനെയും മകളേയും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.

ഇതിന് പുറമെ, പോത്തന്‍ കോട് കല്ലൂരിലെ സുധീഷിന്റെ വധവും ഏറെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഈ രണ്ട് സംഭവങ്ങളും മന്ത്രിയുടെ മണ്ഡലത്തിലാണ് നടന്നത്.

അതിനിടെ, വ്യാഴാഴ്ച രാത്രി ഗുണ്ടാസംഘം യാത്ര ചെയ്ത വാഹനം അപകടത്തില്‍പെട്ട ശേഷം സംഘാംഗങ്ങള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.

Tags:    

Similar News