''നാസികള്‍ക്ക് ഇതിലും കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്.''; ട്രംപിന്റെ നാടുകടത്തല്‍ രീതികളെ വിമര്‍ശിച്ച് യുഎസ് കോടതി

Update: 2025-03-26 03:15 GMT
നാസികള്‍ക്ക് ഇതിലും കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ട്.; ട്രംപിന്റെ നാടുകടത്തല്‍ രീതികളെ വിമര്‍ശിച്ച് യുഎസ് കോടതി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നാടുകടത്തല്‍ രീതികളെ വിമര്‍ശിച്ച് യുഎസ് കോടതി. രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസില്‍ നിന്ന് നാടുകടത്തിയ നാസികള്‍ക്ക് ഇപ്പോള്‍ നാടുകടത്തപ്പെടുന്നവരേക്കാള്‍ കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സര്‍ക്യൂട്ട് ജഡ്ജി പാട്രീഷ്യ മില്ലെറ്റ് പറഞ്ഞു. പതിനെട്ടാം നൂറ്റാണ്ടിലെ ഏലിയന്‍ എനിമീസ് ആക്ട് പ്രകാരം വെനുസ്വേലക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇങ്ങനെ പറഞ്ഞത്.

വെനുസ്വേലക്കാരെ നാടുകടത്തുന്നത് രണ്ടാഴ്ച്ചത്തേക്ക് സ്‌റ്റേ ചെയ്ത യുഎസ് ജില്ലാ കോടതിയിലെ ജഡ്ജിയായ ജെയിംസ് ബോസ്‌ബെര്‍ഗിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് യുഎസ് സര്‍ക്കാരാണ് സര്‍ക്യൂട്ട് കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്. ട്രെന്‍ ഡി ആരാഗ്വ എന്ന മാഫിയയുടെ അംഗങ്ങളാണ് നാടുകടത്തപ്പെട്ടവരെന്ന് ട്രംപ് ഭരണകൂടം കോടതിയില്‍ വാദിച്ചു. തുടര്‍ന്നാണ് നാടുകടത്തലിന്റെ വീഡിയോകള്‍ താന്‍ കണ്ടെന്നും നാസികള്‍ക്ക് പോലും ഇതില്‍ കൂടുതല്‍ അവകാശങ്ങള്‍ യുഎസ് നല്‍കിയിട്ടുണ്ടെന്നും ജഡ്ജി ഓര്‍മിപ്പിച്ചത്.

വെനുസ്വേലക്കാരെ നാടുകടത്തുന്നത് സ്റ്റേ ചെയ്ത ജഡ്ജി ജെയിംസ് ബോസ്ബര്‍ഗിനെ ഇംപീച്ച് ചെയ്യണമെന്ന് ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, യുഎസ് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് ഈ പരാമര്‍ശത്തിനെതിരേ രംഗത്തെത്തി. ഏതെങ്കിലും കോടതി വിധിയില്‍ വിയോജിപ്പുണ്ടെങ്കില്‍ അപ്പീല്‍ നല്‍കുകയാണ് ജനാധിപത്യ രീതിയെന്നും ഇംപീച്ച് ചെയ്യുക എന്നത് സര്‍ക്കാരിന്റെ രീതിയാവരുതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് സര്‍ക്കാര്‍ നാടുകടത്താന്‍ പോവുന്നവര്‍ ട്രെന്‍ ഡി ആരാഗ്വ മാഫിയയിലെ അംഗങ്ങളാണോ എന്നറിയാതെ നാടുകടത്താന്‍ കഴിയില്ലെന്ന് ജെയിംസ് ബോസ്ബര്‍ഗും വിശദീകരിച്ചു. യുഎസ് സര്‍ക്കാര്‍ തയ്യാറാക്കിയ വെനുസ്വേലക്കാരുടെ പുതിയ പട്ടികയില്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ താരമായ ജെര്‍സെ റെയ്‌സ് ബാരിയോസും കോച്ചുമുണ്ട്. റിയല്‍ മാഡ്രിഡ് ടീമിനെ അനുസ്മരിപ്പിക്കുന്ന ടാറ്റു കണ്ടാണ് ബാരിയോസിനെ പിടികൂടി തടങ്കലില്‍ ആക്കിയിരിക്കുന്നത്.



മാര്‍ച്ച് 15നാണ് ട്രെന്‍ ഡി അരാഗ്വ അംഗങ്ങളെന്ന് പറഞ്ഞ് 200 വെനുസ്വേലക്കാരെ യുഎസ് ഭരണകൂടം എല്‍സാല്‍വദോറിലേക്ക് നാടുകടത്തിയത്. യുഎസ് നാടുകടത്തുന്നവരെ തങ്ങള്‍ ജയിലില്‍ ഇട്ടുകൊള്ളാമെന്നാണ് എല്‍ സാല്‍വദോറിന്റെ നിലപാട്. ഇതിന് യുഎസ് സര്‍ക്കാര്‍ പണം നല്‍കും.

Similar News