
റാഞ്ചി: ബിജെപി റാഞ്ചി ജില്ലാ ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ അനില്‍ ടൈഗര്‍ മഹാതോയെ വെടിവച്ചു കൊന്നു. ഇന്നലെ വൈകീട്ട് നാലോടെ റാഞ്ചിയിലെ കാങ്കെ ചൗക്കിലാണ് സംഭവം. ചായക്കടയില്‍ നില്‍ക്കുകയായിരുന്ന ഇയാളെ ബൈക്കിലെത്തിയ രണ്ടുപേര്‍ തലയ്ക്ക് വെടിവയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പോലിസ് സ്‌റ്റേഷന് 50 മീറ്റര്‍ അടുത്തുവച്ചായിരുന്നു ആക്രമണം.
ആക്രമണ വിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രതികളുടെ ബൈക്കിന് പിന്നാലെ പോയെന്നും ഏറ്റുമുട്ടലിന് ശേഷം ഒരാളെ അറസ്റ്റ് ചെയ്‌തെന്നും റൂറല്‍ എസ്പി സുമിത് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. ബൈക്കിന് പിന്നിലിരുന്ന് വെടിവെച്ചയാളെയാണ് പിടികൂടിയിരിക്കുന്നത്. ബൈക്ക് ഓടിച്ചിരുന്ന ആള്‍ വെടിവയ്പ്പിന്റെ മറവില്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രദേശത്ത് റോഡുകള്‍ ഉപരോധിച്ചു. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്നാണ് വിവരം.