ആലപ്പുഴ ഷാന്‍ വധത്തില്‍ വത്സന്‍ തില്ലങ്കേരിക്ക് പങ്കെന്ന ആരോപണം പോലിസ് അന്വേഷിക്കണം: കോടിയേരി ബാലകൃഷ്ണന്‍

രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഈ സംഭവങ്ങളില്‍ ഇന്റലിജന്റ്‌സ് വീഴ്ച ഉണ്ടായിട്ടില്ല

Update: 2021-12-23 12:02 GMT

തിരുവനന്തപുരം: ആലപ്പുഴ കെഎസ് ഷാന്‍ വധത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിക്ക് പങ്കുണ്ടെന്ന ആരോപണം അടക്കം പോലിസ് പരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് നേരത്തെ തന്നെ അവിടെ ചില ആസൂത്രണങ്ങള്‍ നടത്തിയിട്ടുണ്ട്. അവിടെ നടത്തിയ പ്രസംഗങ്ങളും പോലിസ് പരിശോധിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസും എസ്ഡിപിഐയും ശ്രമിക്കുന്നത്. ഇപ്പോള്‍ നടന്നത് ആസൂത്രിതമായ ആക്രമണമാണ്. വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രചാരവേലയാണ് നടത്തുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടിസ്വീകരിക്കണം. ആലപ്പുഴയിലെ കൊലപാതക കേസുകളിലെ പ്രതികളെ പിടികൂടാന്‍ പോലിസിന് കഴിയും. എവിടെ പോയി ഒളിച്ചാലും പിടികൂടാന്‍ പോലിസിന് കഴിയും. സിപിഎമ്മില്‍ നുഴഞ്ഞു കയറാന്‍ എസ്ഡിപിഐക്ക് കഴിയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങളില്‍ പ്രതികളെ പിടികൂടാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഈ സംഭവങ്ങളില്‍ ഇന്റലിജന്റ്‌സ് വീഴ്ച ഉണ്ടായിട്ടില്ല. മുന്‍കാലങ്ങളിലും ഇത്തരം സംഭവങ്ങള്‍ അറിയുന്നതിന് പ്രയാസമുണ്ടായിട്ടുണ്ട്.

ഒരു കൊലപാതകം നടന്നാല്‍ എസ്ഡിപിഐക്ക് ആഹ്‌ളാദമാണ്. താലിബാന്‍ അഫ്ഗാനില്‍ നടത്തുന്നതിന് സമാനമായ പരാമര്‍ശമാണ് എസ്ഡിപിഐ നേതാവ് നടത്തിയിരിക്കുന്നത്. മുസ്‌ലിം വിഭാഗത്തില്‍പെട്ട എല്ലാവരും എസ്ഡിപിഐക്കാര്‍ ആണെന്ന് ചിത്രീകരിക്കരുത്. 

ആലപ്പുഴയിലെ എച്ച് സലാം എംഎല്‍എ എസ്ഡിപിഐക്കാരനാണ് എന്ന മട്ടില്‍ പറയാന്‍ സുരേന്ദ്രനെപോലുള്ള നേതാക്കള്‍ക്കേ കഴിയൂ.

യുകെ കുമാരന്‍ രക്തസാക്ഷി ദിനമായ ജനുവരി നാലിന് പ്രാദേശിക കേന്ദ്രങ്ങളില്‍ സിപിഎം ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. കൊവിഡ് കാലത്തെ കൊള്ള സംബന്ധിച്ച് ഇപ്പോള്‍ വരുന്നത് മുമ്പ് ഉയര്‍ന്ന വിവാദങ്ങള്‍ തന്നെയാണ്. പൊയ് വെടിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതൊക്കെ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ വിശദീകരിച്ചതാണ്. സില്‍വര്‍ ലൈന്‍ കേരളത്തിനാവശ്യമായ പദ്ധതിയാണ്. ഇക്കാര്യത്തില്‍ തരൂരിന്റേത് കേരളത്തിന്റെ പൊതു നിലപാടാണ്. ശശി തരൂരിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ ഭാഗമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.


Tags:    

Similar News