ട്രെയിന്‍ യാത്രികനെ മര്‍ദ്ദിക്കുന്ന പോലിസുകാരനും ഉടുമുണ്ടുരിയുന്ന 'ഇടത് പുരോഗമന' വംശീയതതയും
കെ കെ ബാബുരാജ്
കോട്ടയം: ട്രെയിന്‍ യാത്രികനെ അകാരണമായി മര്‍ദ്ദിച്ച പോലിസുകാരനെ ന്യായീകരിച്ച് രംഗത്തുവരുന്ന ഇടത് പക്ഷ പുരോഗമനക്കാരുടെ വംശീയതയെ വെളിപ്പെടുത്തുകയാണ് എഴുത്തുകാരനായ കെ കെ ബാബുരാജ്. ട്രെയിന്‍ യാത്രികനെ ഗോവിന്ദച്ഛാമിയോട് ഉപമിച്ചാണ് ഇടത് പക്ഷക്കാരായ പലരും പോലിസ് ചെയ്തികളെ ന്യായീകരിക്കുന്നത്. അതിനെ ചരിത്രപരമായി വ്യാഖ്യാനിക്കുകയാണ് ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെ കെ കെ ബാബുരാജ്.
പോസ്റ്റിന്റെ പൂര്‍ണരൂപം
'' പെണ്‍കുട്ടികളുടെ മുമ്പില്‍ മുണ്ടു ഉരിയുന്നു. ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുന്നു. മറ്റു സ്ത്രീകളെ അവമതിക്കുന്നു. സഹികെട്ടാണ് സുരക്ഷാഉദ്യോഗസ്ഥനെ വിദ്യാര്‍ത്ഥിനികള്‍ വിളിച്ചത്. അമിതമായി മദ്യം കഴിച്ചതുകൊണ്ടാണ് തെമ്മാടിത്തരം കാട്ടിയതെന്ന തോന്ന്യാസത്തെ മാധ്യമങ്ങള്‍ ന്യായീകരിക്കുന്നു. അവന്‍ നൂറു ശതമാനവും മറ്റൊരു ഗോവിന്ദചാമിയാണ്. പോലിസ് ഉചിതമായ നടപടിയാണ് എടുത്തത്. ഇത്തരം തെമ്മാടികള്‍ക്ക് വിളയാടാനുള്ളതാണോ നമ്മുടെ യുവതികള്‍?''
കഴിഞ്ഞ ദിവസം ട്രെയിന്‍ യാത്രക്കാരനായ ഒരാളെ കേരളപോലിസിലെ ഉദ്യോഗസ്ഥന്‍ കഠിനമായി മര്‍ദിച്ചതിന്റെ ദൃശ്യം പുറത്തു വന്നതില്‍ പ്രതികരിച്ചുകൊണ്ടു മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ പേരില്‍ ചാനലുകളില്‍ വരാറുള്ള ഒരുത്തന്‍ (റെജി ലൂക്കോസ്) എഴുതിയതാണിത്. ഇവനെപ്പോലുള്ളവര്‍ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയേയും ഇടതു പക്ഷ സര്‍ക്കാരിനെയും സംരക്ഷിക്കാനാണോ അതോ കേരളത്തിലെ ആഭിജാത സവര്‍ണ പൊതുബോധത്തെ പുറമ്പോക്കുകള്‍ക്കെതിരെ ഹിംസാല്മകമായി വഴിതിരിച്ചു വിടാനാണോ ശ്രമിക്കുന്നത്?
തീര്‍ച്ചയായും മര്‍ദിക്കപ്പെട്ട മനുഷ്യന്‍ കേരളത്തിലെ വരേണ്യവാബോധത്തില്‍ വെറും പുറമ്പോക്കാണ്. അയാളുടെ കൈലിമുണ്ടും വിദ്യാഭ്യസക്കുറവും നിറവും അപരിഷ്‌കൃതമായ അവസ്ഥയും തന്നെയാണ് അയാളെ ഭീകരകുറ്റവാളിയായി കാണാന്‍ പശ്ചാത്തലമായി മാറുന്നത്. എന്നാല്‍ അയാളുടെ പേരോ നാടോ ജാതി വര്‍ഗപൊസിഷനോ അപ്രസക്തമായി മാറുകയും അയാളെ ഗോവിന്ദച്ചാമിയിലേക്കും ആഭിജാത സ്ത്രീകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന ലൈംഗിക കുറ്റവാളിയായും പെട്ടന്നുതന്നെ അടയാളപ്പെടുത്തുക എന്നതും യാദൃച്ഛികമായി സംഭവിക്കുന്നതാണോ?
ഹോമി ബാബ എന്ന പോസ്റ്റ് കൊളോണിയല്‍ ചിന്തകന്റെ അഭിപ്രായത്തില്‍ പുറമ്പോക്കുകളെ പിശാചുവല്‍ക്കരിക്കുന്നതിന് അവരുടെ വംശവും സാമൂഹ്യസ്ഥാനവും അദൃശ്യമാക്കുകയും അവരെ ലൈംഗിക കുറ്റവാളിത്തവുമായി കണ്ണി ചേര്‍ക്കേണ്ടതും അനിവാര്യമാണ്. റെജി ലൂക്കോസിനെ പോലുള്ളവരുടെ ഭാഷ്യത്തില്‍ ഗോവിന്ദച്ചാമിയും 'നമ്മുടെ യുവതികളുടെ നേരെയുള്ള തെമ്മാടികളുടെ വിളയാട്ടവും' പൊതു വേവലാതിയായി മാറുന്നത് ഇത്തരം പിശാചുവല്‍ക്കരണങ്ങളുടെ ഭാഗമായിട്ടാണ്. അല്ലാതെ മനുഷ്യാവകാശങ്ങളോ സ്ത്രീകളുടെ സുരക്ഷയോ അയാളെ പോലുള്ളവരുടെ വിഷയമേ അല്ലെന്നതാണ് വസ്തുത.
പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്പില്‍, നഗരങ്ങളിലും വാഹനങ്ങളിലും കുമിഞ്ഞു കൂടുകയും മദ്യപിച്ചും വഴക്കടിച്ചും മാന്യതക്ക് നിരക്കാത്ത പെരുമാറ്റങ്ങള്‍ മൂലവും ആഭിജാത വിഭാഗങ്ങള്‍ക്ക് അലോസരമുണ്ടാക്കിയ തൊഴിലാളി വര്‍ഗം എന്ന 'നാശ 'ങ്ങളെ അമര്‍ച്ച ചെയ്യേണ്ടതിനെപ്പറ്റി അക്കാലത്തെ പത്രമാസികകളില്‍ നിരന്തരം ആവശ്യം ഉന്നയിക്കപ്പെട്ടിരുന്നു. ഇത്തരം പൊതുബോധ നിര്‍മിതികളിലൂടെയാണ് ഹിറ്റ്‌ലറും മുസോളനിയുമെക്കെ രക്ഷകരായി വന്നത്. മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിന്റെ തണലില്‍ റെജി ലൂക്കോസിനെ പോലുള്ളവര്‍ ക്ഷണിച്ചു വരുത്തുന്നത് അത്തരം രക്ഷകരെത്തന്നെയാണ്.