കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജില്‍ തിങ്കളാഴ്ച മുതല്‍ ക്ലാസുകള്‍ പുനരാരംഭിച്ചു. കാംപസില്‍ സുരക്ഷ ശക്തമാക്കുന്നതിനായി കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കും. ഇതിനകം അഞ്ചു കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ ഉള്‍പ്പെടെ കൂടുതല്‍ സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കുന്നപ്രവൃത്തി പുരോഗമിക്കുന്നതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
സിദ്ധാര്‍ഥന്റെ മരണത്തിനു പിന്നാലെയുള്ള പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ നാലിനാണ് കോളജ് അടച്ചത്. എങ്കിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരുന്നു. തിങ്കളാഴ്ച മുതല്‍ കാംപസില്‍ തന്നെ ക്ലാസുകള്‍ തുടങ്ങി. പെണ്‍കുട്ടികള്‍ എല്ലാവരും ക്ലാസുകളിലെത്തി. ആണ്‍കുട്ടികള്‍ ഭൂരിഭാഗവും സസ്പെന്‍ഷനില്‍ തുടരുകയാണ്. സസ്പെന്‍ഷന്‍ പൂര്‍ത്തിയായതിന് ശേഷമായിരിക്കും ആണ്‍കുട്ടികള്‍ക്ക് ക്ലാസുകളില്‍ പ്രവേശിക്കാനാവുക. പലര്‍ക്കും പല കാലയളവിലേക്കാണ് സസ്പെന്‍ഷന്‍. ആന്റി റാഗിങ് സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ചായിരിക്കും ഈ വിദ്യാര്‍ഥികളെ വീണ്ടും ക്ലാസുകളില്‍ പ്രവേശിപ്പിക്കുക. കാംപസില്‍ സമയനിയന്ത്രണം ഏര്‍പ്പെടുത്തുന്നതും പരിഗണനയിലുണ്ട്.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ ആറുപേരെ പോലിസ് കസ്റ്റഡിയില്‍ വിട്ടു. സിന്‍ജോ ജോണ്‍സണ്‍, അമീന്‍ അക്ബറലി, സൗദ്, ആദിത്യന്‍, കാശിനാഥ്, ഡാനിഷ് എന്നിവരെയാണ് രണ്ടുദിവസത്തെ പോലിസ് കസ്റ്റഡിയില്‍ വിട്ടത്. ഇതില്‍ സിന്‍ജോയും കാശിനാഥനുമാണ് സിദ്ധാര്‍ഥനെ കൂടുതല്‍ മര്‍ദിച്ചതെന്നും പോലിസ് കണ്ടെത്തിയിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സംബന്ധിച്ച വ്യക്തതവരുത്താനും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുമാണ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടെങ്കിലും ഇതുവരെ സിബിഐ സംഘം അന്വേഷണം ഏറ്റെടുത്തിട്ടില്ല. അതിനാല്‍, കേസില്‍ തുടര്‍നടപടികളുമായി മുന്നോട്ടുപോകാനാണ് പോലിസിന്റെ തീരുമാനം. ഫോണുകളുടെ ഫോറന്‍സിക് പരിശോധന, കൊലപാതകസാധ്യത പരിശോധിക്കാനുള്ള സെലോഫൈന്‍ ടെസ്റ്റ് എന്നിവയ്ക്കും അന്വേഷണസംഘം കോടതിയെ സമീപിക്കും. അതേസമയം, ഒരാഴ്ചയ്ക്കുള്ളില്‍ സിബിഐ സംഘം കേസന്വേഷണം ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.