രാജ്യം വംശീയ ഉന്മൂലനത്തിന്റെ വക്കില്‍; ബുള്‍ഡോസര്‍ രാഷ്ട്രീയത്തെ ജനകീയമായി ചെറുക്കണമെന്ന് എസ് നിസാര്‍

Update: 2022-08-22 02:45 GMT

അടിമാലി: ഇന്ത്യാ രാജ്യം വംശീയ ഉന്മൂലനത്തിന്റെ വക്കിലാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാര്‍ പറഞ്ഞു. ആര്‍എസ്എസ് ഫാഷിസം അധികാരം ഉപയോഗിച്ച് നാട്ടിലെ സാധാരണ പൗരന്‍മാരെ വേട്ടയാടുകയാണ്. ദുഷ്പ്രചാരണങ്ങള്‍ നടത്തി എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ ആര്‍എസ്എസ് ഭരണ കൂടം കള്ളക്കേസില്‍ കുടുക്കി തടവറയിലാക്കുന്നു. കൊടും കുറ്റവാളികളായി ജയിലിലാക്കപ്പെട്ട ആര്‍ എസ്എസ് അനുകൂലികളെ യാതൊരു മാനദണ്ഡവും പാലിക്കാതെ പുറത്തു വിടുന്നു. ബില്‍ക്കീസ് ബാനു കേസിലടക്കം ഈ നീതികേട് വ്യക്തമായിട്ടും ഇടതു സംഘടനകളില്‍ നിന്നടക്കം യാതൊരു വിധ പ്രതിഷേധമോ പ്രതികരണമോ ഉണ്ടായിട്ടില്ല. ആര്‍എസ്എസ് ഫാഷിസം ഇന്ത്യയില്‍ എത്തിയോ എന്ന കാര്യത്തില്‍ പോലും സിപിഎം നേതാക്കള്‍ക്കിടയില്‍ തര്‍ക്കമാണ്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ജനങ്ങളുടെ മേല്‍ അധികാരത്തിന്റെ ഹുങ്ക് അടിച്ചേല്‍പ്പിക്കാനുള്ള നീക്കം എന്തു വില കൊടുത്തും തടയുമെന്നും എസ് നിസാര്‍ വ്യക്തമാക്കി.

റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വ്യാപകമായി സംഘടിപ്പിക്കുന്ന കാംപയിന്റെ ഭാഗമായി അടിമാലി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരുമ്പുപാലത്തു നടന്ന പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തക സംഗമത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അടിമാലി ഏരിയാ പ്രസിഡന്റ് നവാസ് പി എസ് അധ്യക്ഷനായിരുന്നു.

Tags:    

Similar News