പോപുലര്‍ ഫ്രണ്ട് നിരോധനം: തുടര്‍നടപടികള്‍ക്ക് ഉത്തരവിറക്കി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തില്‍ സംസ്ഥാനത്തിന്റെ തുടര്‍ ഉത്തരവ് പുറത്തിറങ്ങി. നിരോധനവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കുള്ള അധികാരം കലക്ടര്‍മാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും നല്‍കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറി ഡോ.വേണു വി ഐഎഎസാണ് ഉത്തരവിറക്കിയത്. യുഎപിഎ സെക്ഷന്‍ 7, 8 പ്രകാരമാണ് ഉത്തരവ്. ഇതോടെ സംസ്ഥാന പോലിസ് തുടര്‍നടപടികളിലേക്ക് കടക്കും.
പോപുലര്‍ ഫ്രണ്ട് ഓഫിസുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കുള്ള അധികാരമാണ് കലക്ടര്‍മാര്‍ക്കും ജില്ലാ പോലിസ് മേധാവിമാര്‍ക്കും നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂര്‍ണമായും നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതുപ്രകാരം ഓഫിസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ ആരംഭിക്കും. ഇനി ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നു വ്യക്തമാക്കി ജില്ലാ പോലിസ് മേധാവിമാര്‍ക്കായി ഡിജിപി ഒരു സര്‍ക്കുലര്‍ കൂടി പുറത്തിറക്കും.