പോപുലര്‍ ഫ്രണ്ട് നിരോധനം: ഇന്ത്യന്‍ മുസ്‌ലിംകളെ കൂട്ടത്തോടെ തടവിലാക്കാന്‍ ലക്ഷ്യമിട്ടുള്ള മുന്‍കൂര്‍ നടപടി- ദീപാങ്കര്‍ ഭട്ടാചാര്യ
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അനുബന്ധ സംഘടനകളുടെയും നിരോധനം ഇന്ത്യന്‍ മുസ്‌ലിംകളെ ലക്ഷ്യമിട്ടുള്ള മുന്‍കൂര്‍ നടപടിയാണെന്ന് സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. സംഘടനയുടെ ഓഫിസുകളില്‍ ഏകോപിത റെയ്ഡുകള്‍ നടത്തി അഞ്ചുദിവസത്തിനുശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടിനെയും നിരവധി അനുബന്ധ സംഘടനകളെയും നിയമവിരുദ്ധ അസോസിയേഷനുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ നിരോധനം ഇന്ത്യന്‍ മുസ്‌ലിംകളെ കൂട്ടത്തടവിലാക്കാനും ഉപദ്രവിക്കാനും ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പീഡനത്തിന്റെ മുന്‍കൂര്‍ നടപടിയായി കാണപ്പെടുന്നു. മുസ്‌ലിം സമുദായത്തെ ലക്ഷ്യം വച്ചുള്ള വംശഹത്യകള്‍ക്കും ബലാല്‍സംഗങ്ങള്‍ക്കും വേണ്ടി തുറന്ന ആഹ്വാനങ്ങള്‍ പുറപ്പെടുവിക്കാന്‍ ആര്‍എസ്എസുമായി ബന്ധമുള്ള വിവിധ സംഘടനകള്‍ക്കും ഹിന്ദുത്വ സ്വത്വത്തിന്റെ സ്വയം പ്രഖ്യാപിത ചാംപ്യന്‍മാര്‍ക്കും അനുവാദം നല്‍കിയിരിക്കുകയാണ്. ഇതാണ് നിരോധനത്തെ വിവേചനപരമാക്കുന്നത്. ഇത്തരം വര്‍ഗീയ പക്ഷപാതത്തെ ശക്തമായി അപലപിക്കുകയാണെന്നും ദീപാങ്കര്‍ ഭട്ടാചാര്യ ഫേസ്ബുക്കില്‍ വ്യക്തമാക്കി.