പോപുലർ ഫ്രണ്ട് നിരോധനം: പ്രകടനം നടത്തിയതിന് യുഎപിഎ ചുമത്തിയ കേസിൽ കണ്ണൂർ ജില്ലയിലും ഒരാൾക്ക് ജാമ്യം
കണ്ണൂർ: പോപുലർ ഫ്രണ്ട് നിരോധനത്തിൽ പ്രതിഷേധിച്ചു പ്രകടനം നടത്തിയതിന് യുഎപിഎ ചുമത്തിയ കേസിൽ കണ്ണൂർ ജില്ലയിലും ഒരാൾക്ക് ജാമ്യം. കണ്ണൂർ വിളകോട് സ്വദേശി യൂനുസ് വിളക്കോടിന് കണ്ണൂർ ജില്ലാ കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. യൂനസിന് വേണ്ടി അഡ്വ. പി സി നൗഷാദ് ഹാജരായി.
മഴക്കുന്നു പോലീസ് സ്റ്റേഷൻ പരിതിയിലെ വിളക്കോട് പ്രകടനം നടത്തിയതിന്റെ പേരിലാണ് മൂന്ന് പേർക്കെതിരെ യുഎപിഎ ചുമത്തി പോലീസ് കേസെടുത്തത്.
തൃശ്ശൂർ ജില്ലയിലും ഇന്ന് ആറ് പേർക്ക് ജാമ്യം ലഭിച്ചിരുന്നു. പോപുലർ ഫ്രണ്ട് നിരോധനത്തെ തുടർന്ന് തൃശൂർ ജില്ലയിൽ പോലിസ് ചുമത്തിയ യുഎപിഎ കേസിൽ മുഴുവൻ കുറ്റാരോപിതർക്കും ജാമ്യം ലഭിച്ചത്. തൃശൂർ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. മതിലകം പോലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് ആറ് പേർക്കും ജാമ്യം അനുവദിച്ചത്.
സപ്തംബർ മാസം 28ാം തിയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അറസ്റ്റിലായവരുടെ നേതൃത്വത്തിൽ പോപുലർ ഫ്രണ്ട് നിരോധനത്തിനെതിരേ നിരോധന ദിവസം മതിലകം പോലിസ് സ്റ്റേഷൻ പരിധിയിലെ നെടുംപറമ്പ് മേഖലയിൽ പ്രതിഷേധ പ്രകടനം നടത്തിയതിനായിരുന്നു എഫ്ഐആർ. കാതിക്കോട് സ്വദേശി സലീം, നെടുംപറമ്പ് സ്വദേശി തൗഫീഖ്, പുന്നക്ക ബസാർ സ്വദേശി ഹാരിസ്, ഹാഷിം, ലത്തീഫ്, ഷെജീബ് എന്നിവരാണ് അറസ്റ്റിലായത്.
പ്രതിഷേധ പ്രകടനം നടത്തിയതിന് യുഎപിഎ ചുമത്തിയതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. പോപുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പ്രതിഷേധ പ്രകടനം നടത്തിയതിന് കേരളത്തിലുടനീളം മുപ്പതിലധികം പേർക്കെതിരേ യുഎപിഎ കേസ് നിലവിലുണ്ട്.