ശാഹീന്‍ബാഗ് പ്രതിഷേധത്തിനുപിന്നില്‍ പോപുലര്‍ ഫ്രണ്ടെന്ന്; ഡല്‍ഹി പോലിസ് കോടതിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി ശാഹീന്‍ബാഗില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനു പിന്നില്‍ പോപുലര്‍ ഫ്രണ്ടാണെന്ന് ഡല്‍ഹി പോലിസ് ഡല്‍ഹി ഹൈക്കോടതിയില്‍ ആരോപിച്ചു. ഉമര്‍ഖാലിദിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് പോലിസിന്റെ ആരോപണം.
ശാഹീന്‍ബാഗില്‍നടന്നത് ഗൂഢാലോചനയാണെന്നും അതില്‍ നിരവധി ഘടകങ്ങളുണ്ടെന്നും പോലിസ് ആരോപിച്ചു. ആഗസ്റ്റ് 25ന് കേസില്‍ വീണ്ടും വാദം കേള്‍ക്കും.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ 2020ല്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഉമര്‍ഖാലിദിനെ ഗൂഢാലോചനക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തത്. കേസില്‍ അദ്ദേഹത്തിന് കീഴ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സിദ്ധാര്‍ത്ഥ മൃദുല്‍, ജസ്റ്റിസ് രജ്‌നീഷ് ഭട്‌നാഗര്‍ എന്നിവരാണ് വാദം കേട്ടത്. അഡ്വ. അമിത് പ്രസാദ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്നു.
ഡിപിഎസ്ജി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നതെന്നും അത് പോപുലര്‍ ഫ്രണ്ടിന്റെ മുതിര്‍ന്ന നേതാക്കളാണ് നിയന്ത്രിച്ചരുന്നതെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
ചാറ്റിന്റെ സ്‌ക്രീഷന്‍ ഷോട്ടും ഹാജരാക്കി. ആദ്യ ഘട്ടത്തില്‍ ഷാഹീന്‍ബാഗ് പ്രതിഷേധം പിന്തുണയില്ലാത്തതിനാല്‍ പരാജയപ്പെട്ടു. ആ സമയത്ത് മുസ് ലിംപ്രാതിനിധ്യമായിരുന്നു കൂടുതല്‍. പിന്നീട് മതേതര വിഭാഗങ്ങളും സ്ത്രീകളും വ്യാപകമായി പങ്കെടുത്തു. അതോടെ സമരത്തിന്റെ പിന്തുണയും വര്‍ധിച്ചു. പ്രതിഷേധസ്ഥലം പ്രദേശവാസികളുടെ നിയന്ത്രണത്തിലായിരുന്നില്ലെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.