പോപുലര്‍ ഫ്രണ്ട് ഒരു രാഷ്ട്രീയസംഘടന; നിരോധനത്തിനെതിരേ എഐഎംഐഎം ബീഹാര്‍ എംഎല്‍എ
പട്‌ന: കോടതിയില്‍ കുറ്റം തെളിയിക്കാതെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കുന്നത് ന്യായമല്ലെന്ന് ബീഹാറിലെ എഐഎംഐഎമ്മിലെ ഏക എംഎല്‍എ അക്തറുല്‍ ഇമാന്‍. പോപുലര്‍ ഫ്രണ്ട് ഒരു രാഷ്ട്രീയ സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ ക്ഷേമത്തിന് വേണ്ടിയാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നത്. ആര്‍എസ്എസും പോപുലര്‍ ഫ്രണ്ടും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഫലമാണ് ഈ നിരോധനമെന്നും അമൂര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എകൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു.
ദലിതരും ന്യൂനപക്ഷ സമുദായക്കാരും തങ്ങളുടെ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുമ്പോള്‍ അവരെ തടയുകയാണ്. എന്നാല്‍ ഗുജറാത്ത് കലാപത്തിന് പ്രേരിപ്പിച്ചവരും ബാബറി മസ്ജിദ് തകര്‍ത്തവരും ഇതുവരെ ജയിലില്‍ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ചയാണ് പോപുലര്‍ ഫ്രണ്ടിനെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്.
പോപുലര്‍ ഫ്രണ്ടിനൊപ്പം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍, കേരളം എന്നീ സംഘടനകളെയും നിരോധിച്ചു.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും സാമുദായിക സൗഹാര്‍ദത്തിന് ഭംഗം വരുത്തുന്നുവെന്നുമാരോപിച്ചാണ് പോപുലര്‍ ഫ്രണ്ടിനെതിരേ നടപടിയെടുത്തത്.