പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും റാലിയും മെയ് 21ന് ആലപ്പുഴയില്‍; മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനി മുഖ്യാതിഥി
ആലപ്പുഴ: റിപബ്ലിക്കിനെ രക്ഷിക്കുകയെന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തുന്ന കാംപയിന്റെ ഭാഗമായി ആലപ്പുഴയില്‍ ജനമഹാസമ്മേളനം വിളിച്ചുചേര്‍ക്കുന്നു. 2022 മെയ് 21ന് ആലപ്പുഴയിലാണ് സമ്മേളനം നടക്കുന്നത്. ഇതിന്റെ ഭാഗമായി വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും നടക്കും. വൈകീട്ട് 4.30ന് കല്ലുപാലത്ത് നിന്നാരംഭിക്കുന്ന വോളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും ആലപ്പുഴ ബീച്ചില്‍ സമാപിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ യഹിയ കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റാലിക്കുശേഷം ചേരുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഒഎംഎ സലാം ഉദ്ഘാടനം ചെയ്യും. പ്രമുഖ ഇസ് ലാമിക പണ്ഡിതനും ആള്‍ ഇന്ത്യ പഴ്‌സണല്‍ ലോബോര്‍ഡ് വക്താവുമായ മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നുഅ്മാനി മുഖ്യാതിഥിയാവും.
2022 ജനുവരി 26 റിപബ്ലിക് ദിനത്തില്‍ ആരംഭിച്ച ദേശീയ കാംപയിന്‍ ആഗസ്ത് 15നാണ് സമാപിക്കുന്നത്.
''ഇന്ത്യന്‍ ജനതയുടെ ചോരയുടെയും വിയര്‍പ്പിന്റെയും ഫലമായി പിറവിയെടുത്ത റിപബ്ലിക്ക് ഇന്ന് മനുഷ്യാവകാശങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുന്നു. സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍, മഹത്തായ റിപബ്ലിക്കിന്റെ മരണം ഉറപ്പുവരുത്തിക്കൊണ്ടാണ് ആര്‍എസ്എസ് നിയന്ത്രിത ഇന്ത്യന്‍ ഭരണകൂടം അനുദിനം മുന്നോട്ടു നീങ്ങുന്നത്. വംശീയതയും, കൂട്ടക്കൊലകളും ഹിന്ദുത്വ ഭരണകൂടത്തിന്റെ മുഖമുദ്രയായി തെളിഞ്ഞുവന്നിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തോടു പുറംതിരിഞ്ഞ് നിന്ന ആര്‍എസ്എസ്, ജനാധിപത്യത്തിന്റെ ദുര്‍ബലമായ പഴുതുകളിലൂടെ രാഷ്ട്രഭരണം കൈക്കലാക്കി ഏകാധിപത്യം നടപ്പിലാക്കുകയാണ്. പാര്‍ലമെന്റിലെ പ്രതിപക്ഷത്തെ അവഗണിച്ച് ചര്‍ച്ചകള്‍ പോലുമില്ലാതെ ജനവിരുദ്ധനിയമങ്ങള്‍ ചുട്ടെടുക്കുന്നു. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുകയും രാജ്യസമ്പത്ത് കുത്തകകള്‍ക്ക് തീറെഴുതുകയും ചെയ്തുകഴിഞ്ഞു. മാധ്യമങ്ങളുടെ വായടപ്പിച്ചും വിയോജിക്കുന്നവരെ തടവിലിട്ടും കൊന്നുതള്ളിയും ഭീകരവാഴ്ചയാണ് ബിജെപി സര്‍ക്കാരുകള്‍ നടത്തുന്നത്. ഭരണഘടനാവിരുദ്ധമായ ഏകീകൃത സിവില്‍കോഡ്, പൗരത്വനിയമം, തുടങ്ങിയ ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഭീഷണിപ്പെടുത്തുകയാണ്. അന്വേഷണ ഏജന്‍സികളെയും നീതിപീഠങ്ങളെ പോലും തങ്ങളുടെ വരുതിയിലാക്കി, ഫാഷിസ്റ്റ് പരമാധികാരത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കുകയാണ് ആര്‍എസ്എസ് ചെയ്യുന്നത്.''- വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സ്വാഗതസംഘം നേതാക്കള്‍ പറഞ്ഞു.
''ഇത്രയധികം ജനവിരുദ്ധമായിട്ട് കൂടി അധികാരത്തില്‍ തുടരാന്‍ ബിജെപിയെ സഹായിക്കുന്നത് അപരവിദ്വേഷവും, മുസ് ലിംവിരുദ്ധ പ്രചാരണങ്ങളുമാണ്. ക്രിസ്ത്യാനികളും ദലിതുകളും സിഖുകാരുമെല്ലാം സംഘപരിവാര ആക്രമണത്തിന്റെ ഇരകളാണിന്ന്. മതനിരപേക്ഷത മുഖമുദ്രയായിരുന്ന ഇന്ത്യയിലിന്ന് മുസ് ലിം വിരോധം അപ്രഖ്യാപിത ഔദ്യോഗിക മതമാണ്. എല്ലാ രാഷ്ട്രീയ ഉള്ളടക്കങ്ങളുടെയും അനിവാര്യഘടകമായി മുസ് ലിം വിദ്വേഷ പ്രചാരണം മാറിയിരിക്കുന്നു. രാജ്യത്ത് വളരെ വേഗത്തില്‍ ഉരുണ്ടുകൂടുന്ന മുസ് ലിംവിരുദ്ധ അന്തരീക്ഷം, മതേതരത്വം അവകാശപ്പെടുന്ന കക്ഷികളെ തെല്ലും അലോസരപ്പെടുത്തുന്നില്ല എന്നു മാത്രമല്ല, മുസ് ലിം വിരോധത്തിന്റെ ഗുണം തങ്ങള്‍ക്ക് ലഭിക്കാതെ പോകരുത് എന്ന മനോഭാവത്തോടെയാണ് മതേതര രാഷ്ട്രീയം അരങ്ങുതകര്‍ക്കുന്നത്.''
''മുസ് ലിം ഉന്‍മൂലനം ലക്ഷ്യമിട്ടുള്ള സംഘപരിവാര അജണ്ടയുടെ പ്രകടമായ ഉദാഹരണങ്ങള്‍ ഇന്ന് രാജ്യത്തിന്റെ വിവിധ കോണുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്ന വംശഹത്യാ പ്രഖ്യാപനങ്ങളുടെ ധര്‍മ്മ സന്‍സദുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ അനന്തപുരി ഹിന്ദു സമ്മേളനം കേരളത്തിലും നടന്നു കഴിഞ്ഞു. മുസ് ലിം ജീവിതത്തിന്റെ അടയാളങ്ങളായ പള്ളികള്‍, ബാങ്ക് വിളി, പെരുന്നാള്‍ നമസ്‌കാരം, ഹിജാബ്, ഹലാല്‍ ഭക്ഷണം തുടങ്ങിയവ വിദ്വേഷ പ്രചാരണത്തിന്റെ ഉപകരണങ്ങളാക്കി മാറ്റി. മുസ്ലിം ആരാധനാലയങ്ങള്‍ പിടിച്ചെടുക്കാന്‍ കോടതികളാണ് മുന്നില്‍ നില്‍ക്കുന്നത്. ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ്, കൊറോണ ജിഹാദ് തുടങ്ങിയ അസംബന്ധങ്ങള്‍ക്ക് മുഖ്യധാരയുടെ പദാവലിയില്‍ സ്ഥാനം നേടിയെടുക്കാന്‍ അധികനേരം വേണ്ടി വന്നില്ല എന്നത് ശ്രദ്ധേയമാണ്.''
''ഹിന്ദു ആഘോഷവേളകള്‍ പോലും, മുസ് ലിംകള്‍ക്കെതിരായ ആക്രമണോല്‍സുകത പ്രകടിപ്പിക്കുന്നതിനുള്ള മുഹൂര്‍ത്തങ്ങളായി സംഘപരിവാരം മാറ്റിയത് ഗൗരവതരമാണ്. ഭക്തിമന്ത്രമായ 'ജയ് ശ്രീറാം' ഇന്ന് ആര്‍എസ്എസ്സിന്റെ കൊലവിളിയായി പരിണമിച്ചിരിക്കുന്നു. രാമനവമി, ഹനുമാന്‍ ജയന്തി, വിഷു തുടങ്ങിയ ആഘോഷ സമയത്ത് നടന്ന കലാപങ്ങളും കൊലപാതകങ്ങളും ഇതിന് തെളിവാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ, ആലപ്പുഴയിലും തലശേരിയിലും പാലക്കാടും പേരാമ്പ്രയിലുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ് നാം കണ്ടത്. ബിജെപി വിരുദ്ധരെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍, ആര്‍എസ്എസിന്റെ ഇംഗിതങ്ങള്‍ നടപ്പാക്കാന്‍ പോലിസ് അടക്കമുള്ള ഭരണകൂട സംവിധാനങ്ങള്‍ പാകപ്പെട്ടിരിക്കുന്നുവെന്നത്, അപകടത്തിന്റെ ആഴമാണ് വെളിവാക്കുന്നത്. ഇതിനുപുറമേ, കോടതി വിധികളെപ്പോലും കാറ്റില്‍പ്പറത്തി മുസ് ലിംകളുടെ സ്വത്തുക്കളും ഉപജീവനമാര്‍ഗങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുക എന്ന പുതിയ രീതി ബിജെപി രാജ്യത്ത് നടപ്പിലാക്കുന്നു. മുസ് ലിംകളെ ഭയപ്പെടുത്തി നിഷ്‌ക്രിയരാക്കി രാഷ്ട്രീയ അടിമത്തത്തില്‍ തളച്ചിടുക എന്നതാണ് ഇതിന്റെയൊക്കെ ഉദ്ദേശ്യം. മുസ് ലിംകള്‍ക്കെതിരായ ഏതൊരു ആക്രമണത്തെയും ഹര്‍ഷാരവത്തോടെ ഏറ്റെടുക്കുന്ന വലിയൊരു കൂട്ടര്‍ ഓരോ സംഭവത്തോടനുബന്ധിച്ചും നിരന്തരം സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്നു.'' ഈ സാഹചര്യത്തിലാണ് പോപുലര്‍ ഫ്രണ്ട് ദേശീയ കാംപയിന് തുടക്കമിട്ടത്.
പൊതുസമ്മേളനത്തില്‍ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. എ അബ്ദുല്‍ സത്താര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ അംബുജാക്ഷന്‍, എം എസ് സാജിദ്, വി എം ഫത്തഹുദ്ദീന്‍ റഷാദി, പി എം ജസീല, അഡ്വ.കെ പി മുഹമ്മദ്, പാച്ചല്ലൂര്‍ അബ്ദുല്‍ സലീം മൗലവി എന്നിവര്‍ പങ്കെടുക്കും.
കെ കെ ഹുസൈര്‍ (സ്വാഗതസംഘം വൈസ് ചെയര്‍മാന്‍), നവാസ് ഷിഹാബ് (സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍) എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.