കള്ളപ്പണത്തിന്റെ കുത്തക ആര്‍എസ്എസിലേക്ക് കേന്ദ്രീകരിക്കപ്പെട്ടുവെന്ന് പോപുലര്‍ ഫ്രണ്ട്

Update: 2021-05-25 05:26 GMT

തിരുവനന്തപുരം: കള്ളപ്പണത്തിന്റെയും അഴിമതിയുടെയും കുത്തക മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ആര്‍എസ്എസിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന കാഴ്ചയാണ് കാണാനാവുന്നതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പ്രസ്താവനയില്‍ പറഞ്ഞു. കള്ളപ്പണവും ആയുധവും ഉപയോഗിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയ കലാപത്തിന് ആര്‍എസ്എസ് കേരളത്തില്‍ ശ്രമം നടത്തുന്നതിന്റെ തെളിവുകള്‍ ഓരോന്നായി പുറത്തു വരികയാണ്.

കൊടകരയിലെ കുഴല്‍പ്പണത്തിന്റെ ഉറവിടം ആര്‍എസ്എസ് നേതൃത്വമാണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. സംഭവത്തില്‍ ബിജെപി സംഘടന ജനറല്‍ സെക്രട്ടറി എന്‍ ഗണേശിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതാണ്. ബിജെപിയെ നിയന്ത്രിക്കുന്നതിനുള്ള ആര്‍എസ്എസ് നോമിനിയാണ് എന്‍ ഗണേശ്. കൂടാതെ സംസ്ഥാന ഓഫിസ് സെക്രട്ടറി ഗീരിഷിനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായില്ല. ബിജെപി മേഖലാ സെക്രട്ടറി കാശിനാഥന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ ആര്‍ ഹരി എന്നിവരെ നേരത്തെ ചേദ്യം ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും ഹിന്ദു, ക്രൈസ്തവ സമുദായങ്ങളെ വിലയ്‌ക്കെടുത്ത് വര്‍ഗീയത വളര്‍ത്താനുമാണ് കള്ളപ്പണം കേരളത്തിലെത്തിച്ചതെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍എസ്എസ്- ബിജെപി കാര്യാലയങ്ങളിലും നേതാക്കളുടെ വീടുകളിലും അടിയന്തരമായി റെയ്ഡ് നടത്തണം. ഇതോടൊപ്പം കേരളത്തിലേത്ത് അടുത്തകാലത്തായി നടന്ന ആയുധക്കടത്തും അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം.

കൊടകരയിലെ കള്ളപ്പണ വേട്ടയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസ്- ബിജെപി നേതാക്കളുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് അന്വേഷിക്കണം. കേരളത്തിലെ ബിജെപി- ആര്‍എസ്എസ് നേതാക്കളുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് മുമ്പും ആരോപണം ഉയര്‍ന്നിരുന്നു. നേതൃപദവിയിലെത്തിയ ശേഷം പലരും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം നടത്തിയതായി പാര്‍ട്ടിക്കുള്ളില്‍ പോലും ആക്ഷേപമുയര്‍ന്നിരുന്നു.

കേസില്‍ പരാതിക്കാരനായ കോഴിക്കോട്ടെ അബ്കാരി ധര്‍മരാജന്റെ ആര്‍എസ്എസ് ബന്ധം പുറത്തുവന്നതോടെയാണ് സംഘപരിവാരത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണത്. 25 ലക്ഷം രൂപ കൊടകരയില്‍ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു ധര്‍മരാജന്റെ പരാതി. എന്നാല്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ കാറില്‍ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പ്രതികളില്‍നിന്ന് കണ്ടെടുത്ത പണം പരാതിയില്‍ പറഞ്ഞതിലും ഏറെയുള്ളതിനാല്‍ തന്നെ ഹവാല ഇടപാടിന്റെ തോത് വളരെ വലുതാണ്. കേരളത്തില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി 50 കോടിയിലേറെ രൂപ ബിജെപി വിതരണം ചെയ്തതായി ഇഡിക്ക് പരാതി ലഭിച്ചിരുന്നു.

Tags:    

Similar News