പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണിത്തീര്‍ക്കില്ല; ഇന്ത്യ സഖ്യനേതാക്കളുടെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: പോസ്റ്റല്‍ ബാലറ്റ് ആദ്യം എണ്ണി തീര്‍ക്കുക പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. കൃത്രിമം നടക്കുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇന്ത്യ സഖ്യം നേതാക്കള്‍ ഉന്നയിച്ച ആവശ്യം തള്ളിക്കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന. പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കാന്‍ വ്യവസ്ഥയുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി. വോട്ടെണ്ണലില്‍ സുതാര്യത വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലെ പ്രധാന ആവശ്യമായിരുന്നു ഇത്.
മുമ്പ് പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയിരുന്നത്. അതിന് ശേഷമാണ് ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി ഈ രീതിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്. പ്രധാനമായും ആവശ്യപ്പെട്ടത് പഴയ രീതിയിലേക്ക് മാറണം, ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തീര്‍ത്തതിന് ശേഷം ഫലം പ്രഖ്യാപിക്കണം. അതിന് ശേഷം മാത്രമേ ഇവിഎം എണ്ണിത്തുടങ്ങാവൂ എന്നാണ്. എന്നാല്‍ ഇതില്‍ പ്രായോഗികമായ തടസങ്ങള്‍ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും.
കഴിഞ്ഞ തവണ ആകെ 22 ലക്ഷം പോസ്റ്റല്‍ ബാലറ്റ് ഇന്ത്യയിലാകെ ഉണ്ടായിരുന്നു എന്നാണ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത്തവണയും പോസ്റ്റല്‍ ബാലറ്റുകളുടെ എണ്ണം കൂടുതലായിരിക്കും. അങ്ങന എണ്ണിത്തീര്‍ന്നതിന് ശേഷം ഇവിഎമ്മിലേക്ക് കടക്കുന്നത് വോട്ടെണ്ണല്‍ പ്രക്രിയ ഏറെ വൈകാന്‍ ഇടയാക്കും. അതുകൊണ്ട് ഇപ്പോള്‍ ഉള്ള നിര്‍ദേശം, ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക, അരമണിക്കൂറിന് ശേഷം ഇവിഎം എണ്ണിത്തുടങ്ങുക എന്നതാണ്. അതായത് 8 മണിക്ക് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങിയാല്‍ എട്ടരമണിക്ക് ഇവിഎം എണ്ണിത്തുടങ്ങും. പോസ്റ്റല്‍ ബാലറ്റുകള്‍ ഈ സമയത്തിനുള്ളില്‍ എണ്ണിക്കഴിഞ്ഞില്ലെങ്കില്‍, ഇവിഎമ്മിനൊപ്പം തന്നെ എണ്ണും. പിന്നീട് കണക്കുകള്‍ ഒന്നിച്ചാക്കുകയും ചെയ്യും.
പോസ്റ്റല്‍ ബാലറ്റുകള്‍ സൂക്ഷിച്ചുവെക്കേണ്ടതാണ്. പിന്നീട് കേസുകള്‍ ഉണ്ടാകുകയാണെങ്കില്‍ കോടതിക്ക് തന്നെ നേരിട്ട് പോസ്റ്റല്‍ ബാലറ്റുകള്‍ പരിശോധിക്കാവുന്നതാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ എന്തെങ്കിലും കൃത്രിമം നടക്കും എന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു.