ഉള്ളിക്കു പിന്നാലെ ഉരുളക്കിഴങ്ങും: ഉരുളക്കിഴങ്ങിന് ഡല്‍ഹിയില്‍ 75 ശതമാനം വില വര്‍ധനവ്
ഉള്ളിവില നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉരുളക്കിഴങ്ങിന്റെ വിലയും വര്‍ധിക്കുന്നത്.
ന്യൂഡല്‍ഹി: ഉള്ളിവില അനിയന്ത്രിതമായി ഉയരുന്നതിനിടയില്‍ ഉരുളക്കിഴങ്ങും അതേ പാതയിലേക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വിലയില്‍ 75 ശതമാനത്തിലേറെ വര്‍ധനവുണ്ടായതായാണ് റിപോര്‍ട്ട്. ഡല്‍ഹിയില്‍ 75 ശതമാനവും കൊല്‍ക്കൊത്തയില്‍ ഇരട്ടിയായും വില വര്‍ധിച്ചു. ഉള്ളിവില നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ അടിയന്തിരമായി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഉരുളക്കിഴങ്ങിന്റെ വിലയും വര്‍ധിക്കുന്നത്.
മാര്‍ക്കറ്റിലേക്ക് കൂടുതല്‍ ഉരുളക്കിഴങ്ങ് അടുത്ത ആഴ്ചയിലോ പത്തു ദിവസത്തിനുള്ളിലോ വന്നേക്കുമെന്നും അതോടെ ഈ പ്രതിഭാസം കെട്ടടുങ്ങുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിലനിലവാര അവലോകന അതോറിറ്റി പറയുന്നത് ഉരുളക്കിഴങ്ങ് വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നാണ്. ഇത്തവണ വില പല നഗരങ്ങളിലും 20 രൂപയാണ്. അതേസമയം ജെയ്പൂര്‍, വാരണാസി നഗരങ്ങളില്‍ വില 10നും 15നും ഇടയിലാണ്.
സര്‍ക്കാര്‍ പറയുന്നത് ഡല്‍ഹിയില്‍ ഉരുളക്കിഴങ്ങിന് 32 രൂപയ്ക്ക് കിട്ടുമെന്നാണെങ്കിലും വിപണി വില ഇപ്പോള്‍ 40 ആണ്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഡല്‍ഹിയില്‍ 18 ഉം, മുംബൈയില്‍ 27 ഉം കൊല്‍ക്കൊത്തയില്‍ 12 ഉം ചെന്നൈയില്‍ 21 രൂപയ്ക്കാണ് ഉരുളക്കിഴങ്ങ് കിട്ടിയിരുന്നത്. ശരാശരി വില 20 രൂപയുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് യഥാക്രമം 32, 32, 24, 30, എന്നായിരിക്കുന്നു. കഴിഞ്ഞ മാസത്തെ കണക്കു വച്ചു നോക്കിയാലും ഉരുളക്കിഴങ്ങിന്റെ വില ഈ മാസത്തേക്കാള്‍ കുറവായിരുന്നു.