ഇടുക്കി: വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും നീരൊഴുക്ക് വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കേണ്ടിവന്നേക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി.
ഇടുക്കി ഡാമില്‍ ജലനിരപ്പ് 2396.86 അടിയായി ഉയര്‍ന്നതിനെത്തുടര്‍ന്ന് രാവിലെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ സംഭരണശേഷിയുടെ 92.8ശതമാനം വെള്ളമുണ്ട്. 2397.86 ആയാല്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കും. ഇനിയും മഴ തുടര്‍ന്നാണ് ഡാം തുറക്കാതെ നിവൃത്തിയില്ലെന്ന് മന്ത്രി പറഞ്ഞു.
ഡാം ഒരിക്കലും രാത്രി സമയത്ത് തുറക്കരുതെന്ന് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2018ലെ പ്രളയത്തില്‍ രാത്രി സമയത്ത് ഡാം തുറന്നുവെന്ന ആരോപണമുണ്ടായിരുന്നു.
പരമാവധി സംഭവരണശേഷിയായ 2403 അടിവരെ വെള്ളം എത്താന്‍ കാത്തിരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടയില്‍ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തലയോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്.
ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.