'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്‍കി പുടിന്‍

Update: 2024-11-23 01:05 GMT

മോസ്‌കോ: യുക്രൈന്‍ യുദ്ധത്തില്‍ സൈനികരെ നല്‍കിയ ഉത്തരകൊറിയക്ക് സമ്മാനവുമായി റഷ്യ. ഉത്തരകൊറിയന്‍ ചെയര്‍മാന്‍ കിം ജോങ് ഉന്നിന് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ 70ലേറെ മൃഗങ്ങളെ സമ്മാനമായി നല്‍കിയതായി റിപോര്‍ട്ടുകള്‍ പറയുന്നു. ആഫ്രിക്കന്‍ സിംഹം, രണ്ട് തവിട്ടുകരടി, കൊക്കാറ്റൂസ് ഇനത്തില്‍പ്പെട്ട അഞ്ച് തത്തകള്‍ എന്നിവയുള്‍പ്പെടെയാണിത്.

ഉത്തരകൊറിയയും റഷ്യയും തമ്മിലുള്ള ബന്ധം സാമ്പത്തികവ്യാപാരകാര്യങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ലെന്നും അത് ജൈവവൈവിധ്യസംരക്ഷണവും ലക്ഷ്യമിടുന്നുണ്ടെന്നും റഷ്യന്‍ പ്രകൃതിവിഭവ മന്ത്രി അലക്‌സാണ്ടര്‍ കൊസ്‌ലോവ് പറഞ്ഞു. മോസ്‌കോ മൃഗശാലയില്‍നിന്ന് വ്യോമമാര്‍ഗം രണ്ട് മലങ്കാളകള്‍ ചൊവ്വാഴ്ച പ്യോങ്‌യാങ് സെന്‍ട്രല്‍ മൃഗശാലയിലെത്തി. കോഴി വര്‍ഗത്തില്‍പ്പെട്ട 25 ഇനം പക്ഷികള്‍, 40 മാന്‍ഡറിന്‍ താറാവുകള്‍ എന്നിവയുമുണ്ട്. ഒപ്പം മൃഗപരിപാലകരുടെ സംഘത്തെയും അയച്ചു.

ഏപ്രിലില്‍ പരുന്ത്, തത്ത, പെരുമ്പാമ്പ് തുടങ്ങി നാല്പതിലേറെ ജീവികളെ റഷ്യ ഉത്തരകൊറിയക്ക് നല്‍കിയിരുന്നു. പകരം അപൂര്‍വ ഇനത്തില്‍പ്പെട്ട രണ്ട് പങ്‌സാന്‍ വേട്ടനായകളെ കിം പുതിനു നല്‍കി.

Similar News