പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍; ലക്ഷദ്വീപില്‍ ആയിരങ്ങള്‍ തൊഴില്‍രഹിതരായെന്ന് മുഹമ്മദ് ഫൈസല്‍ എംപി

Update: 2022-08-27 13:56 GMT

റിയാദ്: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ ഏകപക്ഷീയമായ ഭരണപരിഷ്‌കാരങ്ങളെത്തുടര്‍ന്ന് ആയിരങ്ങള്‍ തൊഴില്‍രഹിതരായെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍. വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ വര്‍ഷങ്ങളായി താല്‍ക്കാലിക ജോലി നോക്കിയിരുന്നവരെയെല്ലാം പട്ടേല്‍ പിരിച്ചുവിട്ടു. ആ സ്ഥാനത്തേക്ക് പുതിയ നിയമനം നടന്നതുമില്ല. ഇതുമൂലം ആയിരക്കണക്കിന് പേര്‍ തൊഴില്‍രഹിതരായി. ഇതുവരെ ഗള്‍ഫ് രാജ്യങ്ങളിലോ മറ്റോ ദ്വീപുകാര്‍ക്ക് ജോലിക്ക് പോവേണ്ടിവന്നിട്ടില്ല. സ്വന്തം നാട്ടില്‍തന്നെ ഭേദപ്പെട്ട ജോലിയുണ്ടായിരുന്നു.

തൊഴിലില്ലായ്മ വര്‍ധിച്ചതോടെ അവര്‍ക്കിനി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും. തന്റെ നാട്ടുകാര്‍ക്ക് തൊഴിലവസരം നല്‍കണമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ബിസിനസ് മീറ്റുകളില്‍ വ്യാപാരികളോടും ബിസിനസ് പ്രമുഖരോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹ്രസ്വസന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പട്ടേലിന്റെ ഭരണപരിഷ്‌കാരങ്ങള്‍ ലക്ഷദ്വീപിന്റെ വികസനത്തെ പിന്നോട്ടടിച്ചു. തൊഴില്‍ രഹിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരാന്‍ ഇത് കാരണമായി.

ഇനി മുതല്‍ ഗള്‍ഫ് മേഖലയില്‍ ലക്ഷദ്വീപ് പ്രവാസികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവും. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി കേന്ദ്രസര്‍ക്കാര്‍ അധിക ചുമതല നല്‍കിയ പ്രഫുല്‍ ഖോഡ പട്ടേല്‍ ദ്വീപിന്റെ മനസ്സറിയാതെയാണ് പ്രവര്‍ത്തിക്കുന്നത്. 2030നുള്ളില്‍ ദ്വീപിന്റെ മുഖച്ഛായ മാറ്റാന്‍ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളെല്ലാം ഇപ്പോള്‍ അട്ടിമറിക്കപ്പെട്ടു. ടൂറിസത്തിന്റെ പേരില്‍ മാനദണ്ഡങ്ങളൊന്നുമില്ലാതെ സ്വകാര്യഭൂമി പിടിച്ചെടുത്ത് കുത്തക കമ്പനികള്‍ക്ക് കൈമാറാനുള്ള ഏകപക്ഷീയമായ ശ്രമമാണ് നടന്നുവരുന്നത്.

2,300 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിഞ്ഞിരുന്ന ഏഴ് കപ്പലുകള്‍ സര്‍വീസ് നടത്തിയയിടത്ത് ഇപ്പോള്‍ 400 പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒറ്റ കപ്പലാണുളളത്. കൊച്ചി ഷിപ്പ് യാര്‍ഡിന് പണം അനുവദിക്കാത്തതാണ് കപ്പലുകള്‍ ഇല്ലാതാവാന്‍ കാരണമായത്. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിര്‍ത്തിവച്ചതും ആശുപത്രികളില്‍ നിലവിലുണ്ടായിരുന്ന ഇന്‍ഷുറന്‍സ് പിന്‍വലിച്ചതും സാമൂഹിക പ്രതിസന്ധിയായി. അധ്യാപകരില്ലാത്തതിനാല്‍ എട്ട് പ്രൈമറി സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.

മല്‍സ്യബന്ധനം ഉപജീവനമാക്കി കഴിഞ്ഞിരുന്ന ഭൂരിഭാഗം പേര്‍ക്കും നേരത്തെ കോഴിക്കോട് നിന്നുള്ള ബോട്ടുകള്‍ക്ക് മല്‍സ്യം വില്‍ക്കാന്‍ അനുമതിയുണ്ടായിരുന്നു. ഇപ്പോഴത് ഗുജറാത്തിലെ ഒരു കമ്പനിക്ക് മാത്രമായി കൈമാറിയിരിക്കുകയാണ്. 70,000 പേര്‍ താമസിക്കുന്ന ലക്ഷ ദ്വീപിന് പ്രതിമാസം മൂന്നരക്കോടി രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നും എംപി വിശദീകരിച്ചു.

Tags:    

Similar News