'പ്രാണവായു ദേവത പെന്‍ഷന്‍ പദ്ധതി'; ഹരിയാനയില്‍ ഇനി മരങ്ങള്‍ക്കും പെന്‍ഷന്‍
മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെന്‍ഷന്‍ വര്‍ധിപ്പിക്കും.
ചണ്ഡിഗഡ്: പ്രായമുള്ള മരങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ഹരിയാന സര്‍ക്കാര്‍ ആരംഭിച്ചു. 75 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മരങ്ങള്‍ക്കു പ്രതിവര്‍ഷം 2,500 രൂപ ലഭിക്കുന്ന 'പ്രാണവായു ദേവത പെന്‍ഷന്‍ പദ്ധതി' ആണ് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചത്. മരം നില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമക്കാണ് പണം നല്‍കുക. ഇതു കൂടാതെ മുതിര്‍ന്ന മരങ്ങള്‍ക്കു പൈതൃക പദവിയും നല്‍കും.
മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെന്‍ഷന്‍ വര്‍ധിപ്പിക്കും. പഞ്ചായത്തിന്റെ ഭൂമിയിലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂള്‍ വകയാണെങ്കില്‍ പ്രിന്‍സിപ്പല്‍, സ്വകാര്യസ്ഥലത്തെങ്കില്‍ അതിന്റെ ഉടമയ്ക്ക് എന്നിങ്ങനെയാണ് തുക അനുവദിക്കുക. മരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയ ബോര്‍ഡ് സ്ഥാപിക്കാനും തണലില്‍ ഇരിപ്പിടങ്ങളൊരുക്കാനും രോഗബാധ തടയാനുള്ള മരുന്നുകള്‍ക്കും ഈ പണം ഉപയോഗിക്കാം. പൈതൃക മരങ്ങള്‍ വെട്ടുകയോ കേടുവരുത്തുകയോ ചെയ്യുന്നവര്‍ക്ക് ഒരു മാസം തടവും 500 രൂപ പിഴയും ചുമത്താനാണ് വനം വകുപ്പിന്റെ തീരുമാനം.