സ്വന്തം അഭിപ്രായം തുറന്നുപറയുന്നതും ചീഫ് ജസ്റ്റിസിനെ വിമര്‍ശിക്കുന്നതും കോടതിയെ അവഹേളിക്കലല്ലെന്ന് പ്രശാന്ത് ഭൂഷന്‍
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചുവെന്ന ഒറ്റ കാരണം കൊണ്ട് സുപ്രിം കോടതിയുടെ പദവി ഇല്ലാതാവുകയോ അപകീത്തിയുണ്ടാവുകയോ ചെയ്യില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍. തനിക്കെതിരേ സുപ്രിം കോടതി തന്നെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ നടപടിയില്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് പ്രശാന്ത് ഭൂഷന്റെ വിശദീകരണം. ഞായറാഴ്ചയാണ് അഡ്വ. ഭൂഷന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ചീഫ് ജസ്റ്റിസ് എന്നാല്‍ സുപ്രിം കോടതിയോ സുപ്രിം കോടതിയെന്നാല്‍ ചീഫ് ജസ്റ്റിസോ അല്ല. അങ്ങനെ കരുതുന്നത് സുപ്രിം കോടതിയെ കുറച്ചുകാണുന്നതിന് തുല്യമാണ്. സ്വന്തം അഭിപ്രായം തുറന്നുപറയുന്നതും വിയോജിപ്പു പറയുന്നതും കോടതിയെ അപകീര്‍ത്തലാവില്ലെന്ന് സത്യവാങ് മൂലത്തില്‍ പ്രശാന്ത് ഭൂഷന്‍ വാദിച്ചു.
ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ചാണ് പ്രശാന്ത് ഭൂഷനെതിരേ കോടതിയലക്ഷ്യം ആരോപിച്ചുകൊണ്ട് നോട്ടിസ് അയച്ചത്. പ്രശാന്ത് ഭൂഷനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രണ്ട് പരാതികളും സുപ്രിം കോടതിയില്‍ ലഭിച്ചിരുന്നു. തന്റെ ട്വീറ്റ് വഴി പ്രശാന്ത് ഭൂഷന്‍ കോടതിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് നോട്ടിസില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ഒരു മാസ്‌ക് പോലും ധരിക്കാതെ ഒരു മോട്ടോര്‍സൈക്കളിലില്‍ ഇരിക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവന്നിരുന്നു. ഇതിനെ പരിഹസിച്ച് ജൂണ്‍ 29ന് ട്വിറ്ററില്‍ ചെയ്ത പോസ്റ്റിന്റെ പേരിലാണ് പ്രശാന്ത് ഭൂഷനെതിരേ സുപ്രിം കോടതി ജൂലൈ 22ന് നോട്ടിസ് അയച്ചത്.
മൂന്ന് മാസമായി കോടതിനടപടികള്‍ നടക്കാത്ത സാഹചര്യത്തിലുള്ള വേദനയിലാണ് തന്റെ ട്വീറ്റെന്ന് അഡ്വ. ഭൂഷന്‍ വിശദീകരിച്ചു. കോടതി നടപടികള്‍ വൈകുന്നത് ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണ്. ഇത് പരാതി പരിഹാരത്തിനായി കോടതിയെ സമീപിക്കാനിരിക്കുന്ന പാവപ്പെട്ടവരും അനീതി അനുഭവിക്കുന്നവര്‍ക്കും വലിയ ദുരിതങ്ങള്‍ ഉണ്ടാക്കും- പ്രശാന്ത് ഭൂഷന്‍ വിശദീകരിച്ചു.