മാര്‍പ്പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിനു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2021-10-30 10:48 GMT

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ മേധാവി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഇന്ന് വത്തിക്കാന്‍ സിറ്റിയില്‍ നടന്ന 20മിനിറ്റ് കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ സഭകളിലൊന്നായ കത്തോലിക്കാ സഭയുടെ മേധാവിയെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചത്.

കൂടിക്കാഴ്ചയില്‍ രണ്ട് നേതാക്കളും കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യനിര്‍മാര്‍ജനം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിലെ ക്രിസ്ത്യാനികളും ചര്‍ച്ചക്ക് വിഷയമായി.

''ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാനുളള അവസരം ലഭിച്ചു. അദ്ദേഹത്തെ ഇന്ത്യാസന്ദര്‍ശനത്തിന് ക്ഷണിച്ചു''- പ്രധാനമന്ത്രി വത്തിക്കാന്‍ സന്ദര്‍ശിച്ച ശേഷം ട്വീറ്റ് ചെയ്തു. 

1999ല്‍ അടല്‍ ബിഹാരി വാജ്‌പേയ് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്താണ് അവസാനമായി ഒരു മാര്‍പ്പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 2013ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തല്‍സ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.

പ്രധാനമന്ത്രി വത്തിക്കാന്‍ സിറ്റിയുടെ സെക്രട്ടറി കര്‍ദിനാല്‍ പിയാത്രൊ പരോളിനെയും കണ്ടു.

മാര്‍പ്പാപ്പയുമായി സംസാരിക്കുമ്പോള്‍ അജണ്ട തീരുമാനിക്കുന്ന പതിവില്ലാത്തതിനാല്‍ ഇന്ത്യ അത് സ്വീകരിക്കുകയായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്ല പറഞ്ഞു.

ജി 20 യോഗത്തിനുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തിയത്. ഇറ്റലിയിലെ സ്വയംഭരണാവകാശമുള്ള ഒരു ചെറു പ്രദേശമാണ് കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാന്‍ സിറ്റി.

Tags:    

Similar News