കര്‍ഷക സമരം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദ്വാര സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹി പാര്‍ലമെന്റ് ഹൗസിനരികിലെ സുപ്രസിദ്ധമായ ഗുരുദ്വര രകബ്ഗഞ്ച് സന്ദര്‍ശിച്ച് ആരാധന നടത്തി. സിഖ് മതസ്ഥരെ സംബന്ധിച്ചിടത്തോളം ഒമ്പതാമത്തെ സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിനെ സംസ്‌കരിച്ച പുണ്യസ്ഥലമാണ് ഗുരുദ്വാര രകബ് ഗഞ്ച്.
മുന്‍കൂട്ടിയുള്ള അറിയിപ്പുകളോ പോലിസ് ബാരിക്കേഡുകളോ ഇല്ലാത്ത പൊടുന്നനെയുള്ള നീക്കമായിരുന്നു പ്രധാനമന്ത്രിയുടേതെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. വാഹന നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല. ഗുരു തേജ് ബഹാദൂറിന്റെ ഓര്‍മദിനമായിരുന്നു ശനിയാഴ്ച.
''ഇന്ന് രാവിലെ പെട്ടെന്നുള്ള തീരുമാനപ്രകാരം പ്രധാനമന്ത്രി മോദി ഗുരുദ്വാര റകബ്ഗഞ്ച് സന്ദര്‍ശിച്ചു. ഗുരു തേജ് ബഹദൂറിന് അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു''-ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
തലസ്ഥാനത്തെ ഏറ്റവും ജനപ്രീതിയുള്ള ഗുരുദ്വാരകളിലൊന്നിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വളരെ പ്രധാനപ്പെട്ട നീക്കമാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. മോദി സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്നവരില്‍ നല്ലൊരു ശതമാനം പഞ്ചാബില്‍ നിന്നത്തിയ സിഖ് മതസ്ഥരാണ്.
സമരം വലിയ തോതില്‍ ജനശ്രദ്ധ ആകര്‍ഷിച്ചുവെന്നുമാത്രമല്ല, കര്‍ഷക സംഘടനകളുടെയും പ്രത്യേകിച്ച് പഞ്ചാബിലെ സിഖ് മതവിഭാഗങ്ങളുടെയും കടുത്ത നിലപാടുകള്‍ സര്‍ക്കാരിനെ വലിയ പ്രതിസന്ധിയിലെത്തിക്കുകയും ചെയ്തു. അകാലിദള്‍ പ്രതിനിധി കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയതു തന്നെ കാര്‍ഷിക നിയമത്തിനെതിരേ നിലപാടെടുത്താണ്. കഴിഞ്ഞ ദിവസം എന്‍ഡിഎ ഘടകകക്ഷികളിലൊന്നായ ആര്‍എല്‍പി മേധാവി തന്നെ പാര്‍ലമെന്ററി കമ്മിറ്റി അംഗത്വം രാജിവച്ചിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ സിഖ് ഗുരുദ്വാരയിലേക്കുള്ള സന്ദര്‍ശനം സിഖ് മതസ്ഥരെ കയ്യിലെടുക്കാനാണെന്നാണ് ചിലരെങ്കിലും കരുതുന്നത്.