ജയില്‍ അധികൃതര്‍ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചു: ഡോ. ജിഎന്‍ സായിബാബ നിരാഹാര സമരം അവസാനിപ്പിച്ചു
ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സായിബാബക്ക് നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ഹോസ്പിറ്റലില്‍ (ജിഎംസിഎച്ച്) സ്ഥിരമായി ഫിസിയോതെറാപ്പി നല്‍കും.
നാഗ്പൂര്‍: യുഎപിഎ ചുമത്തി ജയിലിലടച്ച ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫ. ഡോ. ജി എന്‍ സായിബാബ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയിരുന്ന നിരാഹാര സമരം ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചതിനെ തുടര്‍ന്ന് അവസാനിപ്പിച്ചു. കഴിഞ്ഞ 28 മുതലാണ് സായിബാബ ജയിലില്‍ നിരാഹാര സമരം തുടങ്ങിയത്.
സായിബാബയുടെ മെഡിക്കല്‍ രേഖകള്‍ നല്‍കാമെന്നും ആരോഗ്യസ്ഥിതി വിലയിരുത്താനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ജയില്‍ അധികൃതര്‍ ഉറപ്പുനല്‍കി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന സായിബാബക്ക് നാഗ്പൂരിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ഹോസ്പിറ്റലില്‍ (ജിഎംസിഎച്ച്) സ്ഥിരമായി ഫിസിയോതെറാപ്പി നല്‍കും. തലയിണകള്‍, പുതപ്പ് മുതലായവ നല്‍കും. പുസ്തകങ്ങളും മറ്റു പ്രസിദ്ധീകരണങ്ങളും നല്‍കുമെന്നും ഇതിന്റെ വിതരണം അവസാനിപ്പിക്കില്ലെന്നും ഉറപ്പു നല്‍കി. മുമ്പ് തെലുങ്കില്‍ എഴുതിയ പുസ്തകങ്ങളും കത്തുകളും ജയില്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ഇവ അദ്ദേഹത്തിന് നല്‍കുമെന്നും സമ്മതിച്ചിട്ടുണ്ട്.
ആവശ്യമുള്ളപ്പോഴെല്ലാം അദ്ദേഹത്തിന് വൈദ്യസഹായം നല്‍കാമെന്നും വൈദ്യുതി വിതരണം തടസ്സപ്പെടുത്തില്ലെന്നും സമ്മതിച്ചു. രാവിലെയും വൈകുന്നേരവും ജയില്‍ മുറിയില്‍ നിന്നും പുറത്തിറക്കാമെന്നും അധികൃതര്‍ ഡോ. ജി എന്‍ സായിബാബക്ക് ഉറപ്പുനല്‍കി. അതേസമയം, നാഗ്പൂരില്‍ നിന്ന് ഹൈദരാബാദിലെ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിച്ചില്ല.