ആരോഗ്യസ്ഥിതി മോശമായി: ഭിന്നശേഷിക്കാരനായ ഡോ. ജി എന്‍ സായിബാബക്ക് ജയിലില്‍ സഹായിയെ അനുവദിക്കണമെന്ന് ഭാര്യ

Update: 2021-05-07 13:38 GMT

ന്യൂഡല്‍ഹി: നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലില്‍ തടവില്‍ കഴിയുന്ന ഭിന്നശേഷിക്കാരനായ ഡോ. ജി എന്‍ സായിബാബക്ക് സഹായിയെ അനുവദിക്കണമെന്ന് ഭാര്യ എ എസ് വസന്തകുമാരി. ചെറുപ്പത്തില്‍ പോളിയോ ബാധിച്ച സായിബാബക്ക് സഹായിയില്ലാതെ സഞ്ചരിക്കാനാവില്ല. ഒന്നോ രണ്ടോ പേരുടെ സഹായമില്ലാതെ സായ്ബാബക്ക് ദൈനദിന ജീവിതം തന്നെ അസാധ്യമാണ്. ഗഡ്ച്ചിറോളി സെഷന്‍സ് കോടതിയുടെ വിധി പ്രകാരം സായിബാബ നാഗ്പൂര്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.

തന്റെ ആരോഗ്യസ്ഥിതി മോശമായതായി സായിബാബ അഭിഭാഷകന് കഴിഞ്ഞ ദിവസം അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് തലചുറ്റലും കടുത്ത നെഞ്ചുവേദനയും അനുഭവപ്പെടുന്നുണ്ട്.

ജയിലിനുപുറത്തുതന്നെ അദ്ദേഹത്തെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആണ് പരിചരിക്കുക പതിവ്. ഇക്കാര്യം പോലിസിനും ജയിലധികാരികള്‍ക്കും അറിയാം. ഇന്നത്തെ സാഹചര്യത്തില്‍ സഹായിയുടെ അഭാവത്തില്‍ അന്തസ്സോടെയുളള ജീവിതം തന്നെ ഇല്ലാതായി. ഹൃദ്രോഗിയുമാണ്. വീല്‍ ചെയറിലാണ് സഞ്ചരിക്കുന്നത്. കുളിക്കാനും ഭക്ഷണം കഴിക്കാനും വരെ സഹായം വേണം.

കഴിഞ്ഞ മാസം സായിബാബക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ രോഗം ഭേദമായെങ്കിലും പോസ്റ്റ് കൊവിഡ് അവസ്ഥയിലൂടെ കടന്നുപോകുകയാണ്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചപ്പോള്‍ അപേക്ഷ നല്‍കിയിട്ടും സായിബാബക്ക് അനുമതി ലഭിച്ചില്ല.

മാവോവാദി ബന്ധം ആരോപിച്ച് ജി എന്‍. സായിബാബയെ 2014 മെയ് 9ന് ഡല്‍ഹിയിലെ വീട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ വിചാരണയ്ക്കും ജയില്‍ വാസത്തിനുമൊടുവില്‍ യുഎപിഎ ഉള്‍പ്പടെ ചാര്‍ത്തപ്പെട്ട സായിബാബയെ 2017 മാര്‍ച്ചില്‍ ഗഡ്ച്ചിറോളി സെഷന്‍സ് കോടതി ജീവപര്യന്തം തടവിനു ശിക്ഷിക്കുകയായിരുന്നു. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന 90 ശതമാനം ശാരീരിക ബലഹീനതയുള്ള ഡോ. സായിബാബയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കുടുംബവും മനുഷ്യാവകാശ പ്രവര്‍ത്തകരും ആരോപിച്ചിരുന്നു.

Tags:    

Similar News