കോഴിക്കോട് ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ കോരപ്പുഴക്ക് സമീപം ബസ്സും ടിപ്പറും കൂട്ടിയിട്ടിച്ച് മറിഞ്ഞ് 55 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലശ്ശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ ഏഴരക്കും എട്ടിനുമിടയിലായിരുന്നു അപകടം. തലശേരിയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമായി കൂട്ടിയിടി ഒഴിവാക്കാന്‍ ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടു. ഇതോടെ മറിഞ്ഞ് നിരങ്ങി നീങ്ങി ടിപ്പറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ടിപ്പറും മറിഞ്ഞു. ബസ് നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നു. മിക്കവര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റ അന്‍പത്തഞ്ച് പേരില്‍ രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. അപകടം നടന്നയുടന്‍ നാട്ടുകാര്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അതുവഴി വന്ന ബസിലാണ് പരിക്കേറ്റവരില്‍ പലരേയും ആശുപത്രിയിലെത്തിച്ചത്. ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റോഡ് വളവുള്ള ഈ ഭാഗത്ത് വാഹനങ്ങള്‍ വേഗം കുറക്കാത്തതാണ് പലപ്പോഴും അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.