സെയ്ഫുദ്ദീന്‍ സോസിനെ തടവിലാക്കി ബിജെപി ജനാധിപത്യത്തെ കശാപ്പുചെയ്യുന്നുവെന്ന് പ്രയങ്കാഗാന്ധി
ന്യൂഡല്‍ഹി: കശ്മീരില്‍ ജനാധിപത്യം കശാപ്പുചെയ്യുന്ന ബിജെപിക്കെതിരേ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വദ്ര. കോണ്‍ഗ്രസ് നേതാവ് സെയ്ഫുദ്ദീന്‍ സോസിനെ വീട്ടുതടങ്കലിലിട്ടുകൊണ്ട് ബിജെപി ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുന്നോട്ടു പോക്കിന് സംഭാവന നല്‍കിയ സോസിനെ വീട്ടു തടങ്കലിലിട്ടുകൊണ്ട് ബിജെപി കശ്മീരില്‍ സ്വേച്ഛാധിപത്യം നടപ്പാക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.
''ജനാധിപത്യത്തെ വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്ക് വഹിച്ച ആളാണ് സെയ്ഫുദ്ദീന്‍ സോസ്. അദ്ദേഹത്തെ തടവിലിട്ടുകൊണ്ട് ബിജെപി ജനാധിപത്യത്തെ തടവിലിടുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കശ്മീരില്‍ സ്വച്ഛേധിപത്യമാണ് ഉള്ളത്. ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്ന് കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിക്കുന്നു''- പ്രിയങ്കയുടെ ട്വീറ്റ് തുടരുന്നു.
തന്റെ വീടിനു മുന്നില്‍ സൈന്യം നിര്‍മിച്ച കമ്പി വേലിക്കു മുന്നില്‍ നില്‍ക്കുന്ന സോസിന്റെ ചിത്രവും ട്വീറ്റിനൊപ്പമുണ്ട്.
ആദ്യം പ്രധാന ഗെയ്റ്റ് പുറത്തുനിന്നാണ് പൂട്ടിയിരുന്നതെങ്കിലും ഇപ്പോള്‍ അകത്തുനിന്നും പൂട്ടിയതായി സോസ് പറഞ്ഞിരുന്നു.