കോണ്‍ഗ്രസ് 70 വര്‍ഷം കൊണ്ടുണ്ടാക്കിയ സര്‍വവും കേന്ദ്രം വിറ്റുതുലയ്ക്കുന്നുവെന്ന് പ്രിയങ്കാഗാന്ധി

Update: 2021-12-12 10:49 GMT

ജയ്പൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ഓഹരിവിറ്റഴിക്കന്‍ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ദേശീയ നേതാവ് പ്രിയങ്കാഗാന്ധി വാദ്ര. കോണ്‍ഗ്രസ് 70 വര്‍ഷംകൊണ്ട് സ്വരൂപിച്ച സര്‍വവും ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ വിറ്റുതുലയ്ക്കുകയാണെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

രാജസ്ഥാനില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടയിലാണ് പ്രിയങ്ക കേന്ദ്ര സര്‍ക്കാരിന്റെ ഓഹരിവിറ്റഴിക്കല്‍ നയത്തിനെതിരേ രംഗത്തുവന്നത്. 

'' ബിജെപിയെ തിരഞ്ഞെടുത്തപ്പോള്‍ രാജ്യം പുരോഗതി കൈവരിക്കുമെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിച്ചു. കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്ന് അവര്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്തത് എന്നാണ്? കഴിഞ്ഞ ഏഴ് വര്‍ഷമായി, വിദ്യാഭ്യാസത്തിനായി നിങ്ങള്‍ നിര്‍മിച്ച ഒരു സ്ഥാപനം, ആരോഗ്യ സംരക്ഷണത്തിനായി നിങ്ങള്‍ നിര്‍മിച്ച ഒരു എയിംസ് എന്നിവ ഞങ്ങള്‍ക്ക് കാണിച്ചുതരൂ. നിങ്ങള്‍ പറക്കാന്‍ ഉപയോഗിക്കുന്ന വിമാനത്താവളം നിര്‍മിച്ചത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസ് ഉണ്ടാക്കിയതെല്ലാം ഇന്ന് കേന്ദ്ര സര്‍ക്കാര്‍ അവരുടെ സുഹൃത്തുക്കള്‍ക്ക് വിറ്റഴിക്കുന്നു''- പ്രിയങ്ക പറഞ്ഞു.

ആരും സാധാരണക്കാരെ ശ്രദ്ധിക്കുന്നില്ലെന്നും അവശ്യവസ്തുക്കളുടെ വിലയും ഇന്ധനവിലയും റോക്കറ്റ് പോലെ ഉയരുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

എല്‍പിജി സിലിണ്ടര്‍ വില 1,000 ആയി. കടുകെണ്ണ 200 ആയി. പെട്രോള്‍, ഡീസല്‍ വിലയും വാണംപോലെ ഉയരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത്- പ്രിയങ്ക പറഞ്ഞു.

കര്‍ഷകര്‍ക്ക് വളവും മറ്റ് വസ്തുക്കളും നല്‍കാതെ യോഗി ആദിത്യനാഥ് ഭരണകൂടം യുപിയില്‍ പരസ്യത്തിനായി കോടികള്‍ ചെലവഴിക്കുകയാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. 

Tags:    

Similar News