പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലെ സുരക്ഷാ വീഴ്ച 'വിചിത്രമായ യാദൃച്ഛികത'യെന്ന് അമിത് ഷാ; ആഭ്യന്തര മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയുടെ ഓഫിസിലേക്ക് സുരക്ഷാസേനയുടെ പരിശോധനയില്ലാതെ അഞ്ചംഗ സംഘം കാറുമായെത്തിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
ന്യൂഡല്‍ഹി: പ്രയങ്ക ഗാന്ധിയുടെ വീട്ടിലെ സുരക്ഷാവീഴ്ച അത്ര 'യാദൃച്ഛിക'മല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു. സുരക്ഷാവീഴ്ചയെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തും. സുരക്ഷാ ചുമതലയുള്ള മൂന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും എസ്പിജി സുരക്ഷ നിയമ ഭേദഗതിയെ കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അമിത് ഷാ പറഞ്ഞു.
പ്രിയങ്കാ ഗാന്ധിയുടെ വീട്ടില്‍ നടന്നത് വിചിത്രമായ യാദൃച്ഛികതയാണ്. രാഹുല്‍ ഗാന്ധി വരേണ്ടിയിരുന്ന അതേ വാഹനത്തില്‍ അതേ സമയമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെല്‍ഫിയെടുക്കാന്‍ എത്തിയത്. അതേസമയം സര്‍ക്കാര്‍ സുരക്ഷയുടെ കാര്യത്തില്‍ 0.01 ശതമാനം പോലും ചാന്‍സ് എടുക്കാന്‍ തയ്യാറില്ലെന്നും അമിത് ഷാ അറിയിച്ചു.
എസ്പിജി നിയമഭേദഗതി ഏതെങ്കിലും ഒരു കുടുംബവുമായി ബന്ധപ്പെട്ട് രൂപംകൊടുത്തതല്ല. കുടുംബത്തെ(പരിവാര്‍)യല്ല, സ്വജനപക്ഷപാതിത്വ(പരിവാര്‍ വാദ്)ത്തെയാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യം ഇപ്പോള്‍ ഇങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന് ഒരു കുടുംബത്തിന്റെ സുരക്ഷയേക്കാള്‍ 130 കോടി ജനങ്ങളുടെ സുരക്ഷയിലാണ് ശ്രദ്ധ- അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കയുടെ ഓഫിസിലേക്ക് സുരക്ഷാസേനയുടെ പരിശോധനയില്ലാതെ അഞ്ചംഗ സംഘം കാറുമായെത്തിയത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ സംഘം ഓഫിസിന്റെ വരാന്തയിലെത്തിയതിനു ശേഷമാണ് വിവരം സുരക്ഷാസൈനികര്‍ അറിഞ്ഞത്. പ്രിയങ്കയോടൊപ്പം സമയം ചെലവിടാനും അല്പസമയം സംസാരിക്കാനും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുമെത്തിയ സംഘം ഒടുവില്‍ അതൊക്കെ സാധിച്ചാണ് മടങ്ങിയതും.
മുന്‍കൂര്‍ അനുമതിയോ സുരക്ഷാപരിശോധനയോ കൂടാതെ കാറിലെത്തിയ അഞ്ചു പേരെ ആരാണ് കടത്തിവിട്ടതെന്ന് സന്ദര്‍ശകര്‍ പോയ ശേഷമാണ് പ്രിയങ്ക സുരക്ഷാസേനയോട് അന്വേഷിച്ചത്. ഇത്തരമൊരു സന്ദര്‍ശനത്തെ കുറിച്ച് സുരക്ഷാസേനക്കും അറിവില്ലായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അവര്‍ എത്തിയ കാറും പരിശോധിച്ചില്ല. കടുത്ത സുരക്ഷാവീഴ്ചയാണ് നടന്നിട്ടുള്ളതെന്ന് പ്രിയങ്കയുടെ ഓഫിസ് പറഞ്ഞു.
മോദി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം സുരക്ഷ ലഭിക്കുന്ന മൂന്നുപേരാണ് പ്രിയങ്കയും രാഹുലും സോണിയാഗാന്ധിയും. 1991 ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷമാണ് ഗാന്ധി കുടുംബത്തിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഒരേ സമയം 100 പേരാണ് ഇസെഡ് സുരക്ഷയ്ക്കുവേണ്ടി നിയോഗിക്കപ്പെടുന്നത്. എന്നാല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇവരുടെ ഇസെഡ് കാറ്റഗറി സുരക്ഷ എടുത്തുമാറ്റിയിരുന്നു. ആയിരത്തില്‍ തവണ ഗാന്ധി കുടുംബം സുരക്ഷാവലയം ഭേദിച്ച സംഭവമുണ്ടായിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അഭിപ്രായപ്പെട്ടിരുന്നു. ഗാന്ധി കുടുംബത്തിന് ഇപ്പോള്‍ പറയത്തക്ക സുരക്ഷാഭീഷണിയില്ലെന്നാണ് സര്‍ക്കാരിന്റെ പക്ഷം.