പഞ്ചാബ് കോണ്‍ഗ്രസില്‍ കലഹം തുടരുന്നു; രണ്ട് മന്ത്രിമാര്‍ രാജിവച്ചു

പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വ്യക്തമാക്കി.

Update: 2021-09-28 14:29 GMT

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസിലെ കലഹം അവസാനിക്കുന്നില്ല. പുതുതായി സ്ഥാനമേറ്റ മന്ത്രിസഭയില്‍ നിന്നും രണ്ടുമന്ത്രിമാര്‍ രാജിവെച്ചു. റസിയ സുല്‍ത്താനയും പര്‍ഗത് സിംഗുമാണ് രാജിവെച്ചത്. നവ്‌ജോത് സിംഗ് സിദ്ദുവിനെ പിന്തുണച്ചാണ് ഇവരുടെ രാജി. പിസിസി ട്രഷറര്‍ ഗുല്‍സന്‍ ചഹലും രാജിവെച്ചു. അല്‍പ്പ സമയം മുന്‍പ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും സിദ്ദു രാജിവച്ചിരുന്നു.


നിലവിലെ സ്ഥിതി വിലയിരുത്താന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി അടിയന്തര മന്ത്രിസഭായോഗം വിളിച്ചു. പഞ്ചാബില്‍ മന്ത്രിമാരെ തീരുമാനിച്ചതില്‍ ഉള്‍പ്പടെ കടുത്ത അതൃപ്തി അറിയിച്ചാണ് പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനം നവ്‌ജോത് സിംഗ് സിദ്ദു രാജിവച്ചത്. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുന്നത് പഞ്ചാബിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമാണന്ന് സിദ്ദു രാജിക്കത്തില്‍ പറയുന്നു. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജിവച്ചപ്പോള്‍ തനിക്ക് അധികാരം നല്‍കുമെന്ന് സിദ്ദു കരുതി. അതുണ്ടാകാത്തതിലുള്ള അതൃപ്തിയാണ് ഇപ്പോഴത്തെ രാജിയിലേക്ക് നയിച്ചത്.


മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനിച്ചപ്പോള്‍ സുഖ്ജീന്ദര്‍ സിംഗ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതിനെ സിദ്ദു എതിര്‍ത്തു. റാണ സുര്‍ജിത്ത്, ഭരത് ഭൂഷണ്‍ അസു എന്നിവരെ മന്ത്രിമാരാക്കിയത് അഴിമതി ചൂണ്ടിക്കാട്ടി തടയാന്‍ സിദ്ദു ശ്രമിച്ചു. സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറല്‍ എന്നിവരുടെ നിയമനവും സിദ്ദുവിന്റെ നിര്‍ദ്ദേശത്തിന് വിരുദ്ധമായിരുന്നു. രാജിക്കത്ത് നല്‍കിയ ശേഷം നേതാക്കളുമായി ചര്‍ച്ചയ്ക്കും സിദ്ദു തയ്യാറായില്ല. നാളെ അരവിന്ദ് കെജ്രിവാള്‍ പഞ്ചാബില്‍ എത്തുന്നുണ്ട്. സിദ്ദു ആംആദ്മി പാര്‍ട്ടിലേക്ക് പോകുമോ എന്ന അഭ്യൂഹം ശക്തമാണ്.പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി വ്യക്തമാക്കി.







Tags:    

Similar News