പഞ്ചാബ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കോണ്‍ഗ്രസ് കോര്‍ഡിനേഷന്‍ കമ്മിറ്റിയെ നിയോഗിക്കുന്നു

Update: 2021-10-01 04:50 GMT

ഛണ്ഡീഗഢ്: ഭരണകക്ഷിയായ കോണ്‍ഗ്രസ്സില്‍ മാസങ്ങളായി തുടരുന്ന രാഷ്ട്രീയപ്രതിസന്ധി പരിശോധിക്കാനും പരിഹാരം കാണാനുമായി കേന്ദ്ര നേതൃത്വം കോര്‍ഡിനേഷന്‍ കമ്മിറ്റിയെ നിയമിക്കുന്നു. കമ്മിറ്റിയില്‍ മുഖ്യമന്ത്രി ചരന്‍ജിത് സിങ് ചന്നി, പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡന്റ് നവ്‌ജ്യോത് സിങ് സിദ്ദു എന്നിവര്‍ അംഗങ്ങളാണ്. കൂടാതെ കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഒരു പ്രതിനിധി കൂടിയുണ്ടാവും. അമരീന്ദര്‍ സിങ് പുറത്തുപോയ ശേഷം അധികാരത്തിലെത്തിയ ചന്നിയുടെ മന്ത്രിസഭയില്‍ നടന്ന ചില നിയമനങ്ങളെച്ചൊല്ലി സിദ്ദു രാജി ഭീഷണി മുഴക്കിയിരുന്നു. 

കമ്മിറ്റിയെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മിക്കവാറും ഇന്നു തന്നെയുണ്ടാവും. കമ്മിറ്റിയുടെ നേതൃത്വം കേന്ദ്ര പ്രതിനിധിക്കായിരിക്കും. ചന്നിക്കും സിദ്ദുവിനും പുറമെ മൂന്നാമതൊരു നേതാവുകൂടി സംസ്ഥാനത്തുനിന്നുണ്ടാകും.

പ്രശ്‌നങ്ങള്‍ ഗുരുതരമല്ലെന്നും പെട്ടെന്ന് പരിഹരിക്കാനാവുമെന്നും അഞ്ച്-ഏഴ് ദിവസത്തെ പ്രശ്‌നമേയുള്ളൂവെന്നും പഞ്ചാബിന്റെ ചുമതലയുള്ള കേന്ദ്ര നേതാവ് ഹരിഷ് റാവത്ത് പറഞ്ഞു.

രാജി ഭീഷണി മുഴക്കിയിട്ടുണ്ടെങ്കിലും സിദ്ദുതന്നെയായിരിക്കും കോണ്‍ഗ്രസ് മേധാവി.

പുതിയ സര്‍ക്കാര്‍ എടുത്ത പല തീരുമാനങ്ങളോടും സിദ്ദു വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഡിജിപി ഇഖ്ബാല്‍ പ്രീത് സിങ് സഹോത്തയുടെയും അഡ്വക്കേറ്റ് ജനറല്‍ എപിഎസ് ഡിയോളിന്റെയും നിയമനങ്ങളിലാണ് പ്രധാന വിയോജിപ്പ്.

സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം ഐസിഎസ് ഓഫിസര്‍മാരുടെ പാനല്‍ യുപിഎസ്‌സിക്ക് അയച്ചിട്ടുണ്ട്. അതുവരെ ഡിജിപിയായി സഹോത്തയെ നിയമിക്കുകയായിരുന്നു.

റാണ ഗുര്‍ജിത് സിങിനെ മന്ത്രിയാക്കിയതിലും സിദ്ദുവിന് വിയോജിപ്പുണ്ട്. 

Tags:    

Similar News