തീവ്ര വലതുപക്ഷ സംഘത്തിന്റെ നിരോധനം: ജര്‍മനിയില്‍ വ്യാപക പരിശോധന
നാസി സ്വേച്ഛാധിപത്യം പുനസ്ഥാപിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മ്യൂണിച്ച്: തീവ്ര വലതുപക്ഷ സംഘടനയായ 'വൂള്‍ഫ് ബ്രിഗേഡ് 44'നെജര്‍മ്മന്‍ സര്‍ക്കാര്‍ നിരോധിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് ജര്‍മ്മന്‍ സംസ്ഥാനങ്ങളില്‍ പോലീസ് റെയ്ഡ് നടത്തിയതായി ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. ഗ്രൂപ്പിന്റെ ഫണ്ടുകളും തീവ്ര വലതുപക്ഷ പ്രചാരണ സാമഗ്രികളും കണ്ടുകെട്ടുന്നതിനായി ഹെസ്സി, മെക്ലെന്‍ബര്‍ഗ് വെസ്റ്റ്-പോമെറാനിയ, നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയതായി ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സി ഡിപിഎ റിപ്പോര്‍ട്ട് ചെയ്തു.
നാസി സ്വേച്ഛാധിപത്യം പുനസ്ഥാപിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2016 ലാണ് 'വൂള്‍ഫ് ബ്രിഗേഡ് 44' സ്ഥാപിതമായത്. അനധികൃതമായി ആയുധങ്ങള്‍ കൈവശം വെക്കുന്നതിന് ഇതിലെ അംഗങ്ങള്‍ പലപ്രാവശ്യം പിടിയിലായിരുന്നു. കോംബാറ്റ് 18, നോര്‍ഡാഡ്ലര്‍ എന്നിവയുള്‍പ്പെടെ മറ്റ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെ ഈ വര്‍ഷം ആദ്യം ജര്‍മ്മന്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.