ഈഴവ സംഘടനകളുടെ പ്രതിഷേധം: ചന്ദ്രിക ആഴ്ചപ്പതിപ്പ് ലേഖനം പിന്‍വലിച്ചു

ലേഖനം സമുദായത്തിന് അപമാനകരമാണെന്നും ചന്ദ്രിക ആഴ്ചപ്പതിപ്പിനെതിരെയും ലേഖകനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും എസ്എന്‍ഡിപിയും തിയ്യ മഹാസഭയും അറിയിച്ചിരുന്നു.

Update: 2020-07-01 07:39 GMT

കോഴിക്കോട്: തിയ്യരും ഹിന്ദുവല്‍ക്കരണവും' എന്ന പേരില്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്‌റ്റോറി പിന്‍വലിച്ചു. കവര്‍ സ്‌റ്റോറി തിയ്യ സമുദായത്തെ അവഹേളിക്കുന്നതാണെന്ന് കാട്ടി എസ്എന്‍ഡിപിയും തിയ്യ മഹാസഭയും കോഴിക്കോട് ചന്ദ്രികാ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരുന്നു. തിയ്യ സമുദായത്തിലെ സ്ത്രീകളെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ ലേഖനത്തിലുണ്ടെന്നാണ് സംഘടനകളുടെ വാദം. ജൂണ്‍ 20ന് പ്രസിദ്ധീകരിച്ച ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ് തിയ്യരും ഹിന്ദുവല്‍ക്കരണവും എന്ന പേരില്‍ പേരാമ്പ്ര ഗവ. കോളെജിലെ ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ പി ആര്‍ ഷിത്തോര്‍ ലേഖനമെഴുതിയത്.

ലേഖനം സമുദായത്തിന് അപമാനകരമാണെന്നും ചന്ദ്രിക ആഴ്ചപ്പതിപ്പിനെതിരെയും ലേഖകനെതിരെയും നിയമനടപടി സ്വീകരിക്കുമെന്നും എസ്എന്‍ഡിപിയും തിയ്യ മഹാസഭയും അറിയിച്ചിരുന്നു. തന്റെ ലേഖനം സ്വമേധയാ നീക്കാന്‍ ആവശ്യപ്പെടുന്നതായി ലേഖകന്‍ പി ആര്‍ ഷിത്തോര്‍ അറിയിച്ചു. ' പിന്നോക്ക സമുദായങ്ങളെ അവഹേളിക്കുന്ന നിലപാട് ഇത് വരെ കൈക്കൊണ്ടിട്ടില്ല . ഈ വിഭാഗങ്ങള്‍ അനുഭവിച്ച പീഡനങ്ങളും ചൂഷണങ്ങളും രേഖപ്പെടുത്താനാണ് ശ്രമിച്ചത്. കൂടുതല്‍ വിവാദങ്ങളിലേക്കു മാറുന്നതിനു മുന്നേ ലേഖനം പിന്‍വലിക്കാന്‍ എഡിറ്ററോട് അഭ്യര്‍ത്ഥിച്ചതായും പിആര്‍ ഷിത്തോര്‍ ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കി.

'അന്നത്തെ സാമൂഹിക പിന്നോക്കാവസ്ഥയും ചൂഷണവും വെളിപ്പെടുത്തുന്ന ഈ വസ്തുതകളെ ലേഖനത്തില്‍ ഉള്‍പ്പെടുത്തിയത് ഏറെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ പ്രചാരണം നടത്തുന്നുണ്ട് . പിന്നോക്ക സമുദായങ്ങളെ അവഹേളിക്കുന്ന നിലപാട് ഇത് വരെ കൈക്കൊണ്ടിട്ടില്ല . ഈ വിഭാഗങ്ങള്‍ അനുഭവിച്ച പീഡനങ്ങളും ചൂഷണങ്ങളും രേഖപ്പെടുത്താനാണ് ശ്രമിച്ചത് .ഇത്തരം വിഷയങ്ങളെ സംവാദാത്മകമാക്കുന്നതിനു പകരം സെന്‍സിറ്റിവ് ആക്കുന്നത് തുടരുകയാണെങ്കില്‍ ചില പുനരാലോചന നടത്തേണ്ടി വരും .(ചന്ദ്രിക ആഴ്ചപതിപ്പില്‍ വന്നത് കൊണ്ടും പ്രേത്യേകിച്ചും ).ഇത് പല രീതിയിലും പലരും മുതലെടുക്കാന്‍ സാധ്യത ഉണ്ടെന്ന സൂചനകള്‍ ഉണ്ട്' എന്നും അദ്ദേഹം വ്യക്തമാക്കി.

പിന്നോക്ക സമൂഹത്തില്‍ നിന്നുയര്‍ന്നുവന്ന് കേരളത്തിന്റെ രാഷ്ട്രീയ, സാഹിത്യ സാംസ്‌കാരിക പൊതുമണ്ഡലത്തില്‍ ഉന്നത ശ്രേണിയിലെത്തിയ എസ്.എന്‍.ഡി.പി മുന്‍ ജനറല്‍ സെക്രട്ടറി സി. കേശവന്‍, ചരിത്രകാരനും പത്രാധിപരുമായ പി.കെ ബാലകൃഷ്ണന്‍, പത്തൊമ്പതാം നൂറ്റാണ്ടിലെ ലോകപ്രസിദ്ധ വിദേശ സഞ്ചാരിയായ ഡോ.ഫ്രാന്‍സിസ് ബുക്കാനന്‍ തുടങ്ങിയവരുടെ ഗ്രന്ഥങ്ങളിലെ ഉദ്ധരണികള്‍ അതേപടി എടുത്തുചേര്‍ത്തതാണ് വിവാദകാരണമായ പരാമര്‍ശങ്ങളെന്ന് ലേഖകന്‍ വിശദീകരിച്ചതായി ചന്ദ്രിക പത്രാധിപര്‍ സി പി സെയ്തലവി പറഞ്ഞു. ഒരു ചരിത്രഗവേഷകന്റെ പഠനപ്രബന്ധമെന്ന നിലയിലാണ് ലേഖനം ചന്ദ്രിക പ്രസിദ്ധീകരിച്ചത്. പ്രബന്ധത്തില്‍വന്നത് പ്രമുഖരുടെ കൃതികളില്‍നിന്നുള്ള ഉദ്ധരണികളാണെങ്കില്‍ പോലും വിഭാഗീയതയ്ക്കിടയുള്ള ഒരു വിവാദത്തിന് നിമിത്തമാകുകയെന്നത് ചന്ദ്രികയെ സംബന്ധിച്ച് ഉള്‍ക്കൊള്ളാനാവാത്തതാണെന്നും പുതിയ ലക്കത്തില്‍ ഉള്‍പ്പെടുത്തിയ കുറിപ്പില്‍ പത്രാധിപര്‍ വിശദീകരിക്കുന്നു.


Tags:    

Similar News