പ്രതിഷേധം മഹാത്മാഗാന്ധി പ്രതിമയ്‌ക്കെതിരേയും; ഇന്ത്യന്‍ എംബസിയിലെ മഹാത്മാഗാന്ധി പ്രതിമ പ്രതിഷേധക്കാര്‍ തകര്‍ത്തു

Update: 2020-06-04 07:02 GMT

വാഷിങ്ടണ്‍ ഡിസി: യുഎസിലെ ഇന്ത്യന്‍ എംബസിക്ക് പുറത്ത് മഹാത്മാഗാന്ധിയുടെ പ്രതിമ ഗ്രാഫിറ്റിയും സ്‌പ്രേ പെയിന്റിംഗും ഉപയോഗിച്ച് അജ്ഞാതര്‍ തകര്‍ത്തു. എംബസി അധികൃതര്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ട്. ജൂണ്‍ 2, 3 തീയതികളില്‍ വാഷിംഗ്ടണ്‍ ഡിസിയിലാണ് സംഭവം നടന്നതെന്ന് കരുതുന്നു.  

ഇന്ത്യന്‍ എംബസി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലും പോലിസിലും പരാതി നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പോലിസ് അധികാരികള്‍ എംബസിക്ക് ഉറപ്പ്‌നല്‍കിയിട്ടുണ്ട്. മെട്രോപൊളിറ്റന്‍ പൊലീസിലെ ഒരു സംഘവും നയതന്ത്ര സുരക്ഷാവിഭാഗത്തി്‌ന്റെ മറ്റൊരു സംഘവും നാഷണല്‍ പാര്‍ക്ക് പോലിസുമായി കൂടിയാലോചിച്ചാണ് അന്വേഷണം നടത്തുകയെന്നാണ് അറിയുന്നത്. നശിപ്പിക്കപ്പെട്ട സ്ഥലം എത്രയും വേഗം വൃത്തിയാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. 



പ്രതിഷേധക്കാര്‍ തകര്‍ത്ത വിവിധ ഫെഡറല്‍ സ്മാരകങ്ങള്‍

മഹാത്മാഗാന്ധിയുടെ പ്രതിമ അന്നത്തെ 2000 സെപ്റ്റംബര്‍ 16 ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയാണ് ഗാന്ധിപ്രതിമ ഉദ്ഘാടനം ചെയ്തത്. 1998 ഒക്ടോബറില്‍ യുഎസ് കോണ്‍ഗ്രസ് ''കൊളംബിയ ഡിസ്ട്രിക്റ്റിലെ ഫെഡറല്‍ ഭൂമിയില്‍ മഹാത്മാഗാന്ധിയെ ബഹുമാനിക്കുന്നതിനായി'' ഒരു സ്മാരകം സ്ഥാപിക്കാനും പരിപാലിക്കാനും ഇന്ത്യന്‍ സര്‍ക്കാരിനെ അനുവദിച്ചതിനെ തുടര്‍ന്നായിരുന്നു അത്. 8 അടി 8 ഇഞ്ച് ഉയരമുള്ള വെങ്കലത്തില്‍ തീര്‍ത്തത ഈ പ്രതിമയില്‍ ഗാന്ധിയുടെ ഉപ്പുനികുതിക്കെതിരേയുള്ള 1930ലെ പ്രതിഷേധ മാര്‍ച്ചിലെ ഒരു രംഗമാണ് ചിത്രീകരിച്ചിരുന്നത്.

മെയ് 25 ന് മിനിയാപൊളിസില്‍ ആഫ്രിക്കന്‍-അമേരിക്കനായ ജോര്‍ജ്ജ് ഫ്‌ലോയിഡിനെ കസ്റ്റഡിയില്‍ കൊന്നതിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രതിമയും നശിപ്പിക്കപ്പെട്ടത്. അമേരിക്കന്‍ ഫെഡറല്‍ ഭരണകൂടത്തിന്റെ വിവിധ ചരിത്രസ്മാരകങ്ങളും പ്രതിഷേധക്കാര്‍ ആക്രമിച്ച് നശിപ്പിച്ചിട്ടുണ്ട്. വാഷിംഗ്ടണ്‍ ഡിസിയില്‍ തന്നെ ഈ ആഴ്ച ചരിത്രപ്രാധാന്യമുള്ള ഒരു പള്ളി കത്തിച്ചിരുന്നു. അമേരിക്കന്‍ ദേശീയ സ്മാരകങ്ങളായ ലിങ്കണ്‍ മെമ്മോറിയലും തകര്‍ക്കപ്പെട്ടിട്ടുണ്ട്.


 

കഴിഞ്ഞ ഞായറാഴ്ച വിര്‍ജീനിയയിലെയും കരോലിനയിലെയും ടെന്നസിയിലെയും മിസ്സിസ്സിപ്പിയിലെയും ദേശീയസ്മാരകങ്ങള്‍ തകര്‍ക്കപ്പെട്ടു. വിര്‍ജീനിയയിലെ മുന്‍ പ്രസിഡന്റ് ജഫേഴ്‌സണ്‍ ഡേവിസിന്റെ പ്രതിമ പ്രതിഷേധക്കാര്‍ അലങ്കോലപ്പെടുത്തി. ആധ്യാത്മിക വംശഹത്യയെന്ന് സ്‌പ്രേപെയ്ന്റ് ഉപയോഗിച്ച് പലയിടങ്ങളിലും എഴുതി വച്ചിട്ടുണ്ട്.



 

മിസ്സിസിറ്റി സര്‍വ്വകലാശാല ക്യാമ്പസിലെ ആഭ്യന്തര യുദ്ധത്തെ ഒര്‍മ്മിപ്പിക്കുന്ന 1906ല്‍ സ്ഥാപിക്കപ്പെട്ട ഒരു സ്മാരകവും അതില്‍ നാട്ടിയിരുന്ന അമേരിക്കന്‍ കൊടിയും തകര്‍ക്കപ്പെട്ടു. ഈ സ്മാരകത്തിനെതിരേ 1960ല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും അണിനിരക്കുകയും പൊളിച്ചുകളയാന്‍ ഉത്തരവ് വാങ്ങിയതുമാണ്. പക്ഷേ, സര്‍വ്വകലാശാല അധികൃതര്‍ അത് വച്ച് താമസിപ്പിച്ചു. അതും ഇപ്പോള്‍ തകര്‍ക്കപ്പെട്ടു. ഈ സ്മാരകം തെക്കന്‍ പ്രദേശങ്ങളുടെ അടിമകാലത്തെ നിലപാടുകളെ ഉയര്‍ത്തിപ്പിടിക്കുന്നുവെന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം.   


 


ഘാന സര്‍വകലാശാലയില്‍ ഗാന്ധിപ്രതിമയ്‌ക്കെതിരേ നടന്ന പ്രതിഷേധം

എന്തുകൊണ്ടാണ് ഗാന്ധിപ്രതിമക്കെതിരേ പ്രതിഷേക്കാര്‍ തിരിഞ്ഞതെന്നതിനെ കുറിച്ച് വ്യക്തതയില്ല. അതേസമയം ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അടിമത്തവിരുദ്ധ പോരാളികള്‍ ഗാന്ധിയെ ചോദ്യംചെയ്തിട്ടുണ്ട്. ആഫ്രിക്കയില്‍ ഗാന്ധിപ്രതിമയ്‌ക്കെതിരേ വര്‍ഷങ്ങള്‍ക്കു മുമ്പ് കനത്ത പ്രതിഷേധം നടന്നിരുന്നു.

Tags:    

Similar News